വല്ലറക്കന്‍ പാറക്കുളം പദ്ധതി എം.എം മണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു

google news
sfvd

ഇടുക്കി :  ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലെ വല്ലറക്കന്‍ പാറക്കുളം പദ്ധതി എംഎം മണി എംഎല്‍എ  ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് 40 സെന്റിലുള്ള കുളത്തില്‍ കിണര്‍ കെട്ടി പ്രദേശവാസികള്‍ കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്നു. എന്നാല്‍ വേനല്‍കാലം ആകുമ്പോഴേക്കും അത് വറ്റുകയും കിണറിലെ ചോര്‍ച്ച കാരണം മഴയില്‍ നിന്ന് ലഭിക്കുന്ന ജലം സംഭരിക്കാന്‍ ആകാതെയാവുമ്പോള്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്. ഇതിന് ഒരു ശാശ്വത പരിഹാരമായാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ കോണ്‍ക്രീറ്റ് ഉപയോഗിച്ച് ചുമരുകള്‍ കെട്ടുന്നതുള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ പൊതുകുളം നവീകരിച്ചത്.

 ഇതോടെ പഞ്ചായത്തിലെ 13ആം നമ്പര്‍ വാര്‍ഡില്‍ വേനല്‍കാലത്തുണ്ടാവാന്‍ സാധ്യതയുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടും എന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.
 വല്ലറക്കന്‍പാറ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ സജികുമാര്‍ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയും സംയുക്തമായാണ് അമൃത സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുകുളം എന്നറിയപ്പെടുന്ന വല്ലറക്കന്‍ പാറകുളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് 9.5 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയില്‍ 55,000 രൂപയും ആണ് കുളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുള്ളത്.

ഉടുമ്പഞ്ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ദിലീപ് എം കെ, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍മാരായ പി എ ജോണി, സാലി ഷാജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് ബെന്‍സിലാല്‍ കെ ആര്‍, ഉടുമ്പന്‍ചോല എസ് സി ബി വൈസ് പ്രസിഡന്റ് അനീഷ് പി എസ്, വാര്‍ഡ് മെമ്പര്‍ പെരുമാള്‍ എന്നിവര്‍ പങ്കെടുത്തു.

Tags