മറയൂരിൽ കുടുംബശ്രീ വാർഷികം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു

കുടുംബശ്രീ മറയൂർ സി.ഡി. എസിന്റെ 25ാം വാർഷികാഘോഷo പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. മറയൂർ സർക്കാർ എൽപി സ്കൂളിൽ നടന്ന പൊതുസമ്മേളനം ജില്ലാ കളക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്തു. വർണ്ണഭമായ ഘോഷയാത്രയുടെ അകമ്പടിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. 13 വാർഡുകളിലായി 233 സംഘങ്ങളാണ് മറയൂർ സി.ഡി എസിനു കീഴിൽ പ്രവർത്തിക്കുന്നത്. രാവിലെ 9:30 തിന് ബാബു നഗറിൽ നിന്നും ആരംഭിച്ച റാലിയിൽ വിവിധ കുടുംബശ്രീകളിൽ നിന്നായി 3000 ത്തോളം പ്രവർത്തകർ പങ്കെടുത്തു. സാംസ്കാരിക ഘോഷയാത്രയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെന്റ്റി ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ഏറ്റവും മികച്ചതും സംസ്ഥാനത്ത് മൂന്നാം സ്ഥാനവുമുള്ള സി.ഡി.എസ് യൂണിറ്റാണ് മറയൂരിലേത്. പെരിയ കുടി, പുതുക്കുടി, വെള്ളക്കൽ, വേങ്ങാപ്പാറ തുടങ്ങി 25 ഓളം ആദിവാസി കുടികളിൽ നിന്നുള്ള സംഘങ്ങളും പരിപാടിയിൽ പങ്കെടുത്തു. ആദിവാസി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ബാന്റ് സാംസ്കാരിക ഘോഷയാത്രയുടെ മാറ്റുകൂട്ടി.
കുടുംബശ്രീയുടെ പ്രവർത്തനമികവും ഒരുമയും വിവിധ മേഖലകളിലെ ഇടപെടലും കുടുംബശ്രീയുടെ പുത്തൻ സംരംഭങ്ങളുടെയും പ്രാധാന്യവും ഓർമപ്പെടുത്തിയാണ് പരിപാടി നടന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ കലാ കായിക മത്സരമായ അരങ്ങിൽ സമ്മാനം ലഭിച്ചവർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. കുടുംബശ്രീ അംഗങ്ങളുടെ നിരവധി കലാപരിപാടികളും ആദിവാസി ഗോത്രവിഭാഗങ്ങളുടെ ചിക്കാട്ടവും തനത് പരിപാടികളും വേദിയിൽ അരങ്ങേറി.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.മണികണഠന്‍, ജില്ല പഞ്ചായത്ത് അംഗം രാജേന്ദ്രന്‍,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിനി പൊന്നൂസ്, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ശുഭശ്രി, ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയ് സി കാളിദാസ്, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.