റെസിയുടെ സ്വപ്നങ്ങൾക്ക് കൂട്ടായി സർക്കാരും

google news
sss

കോട്ടയം : ജീവിതസാഹചര്യങ്ങളിൽ തളരാതെ സ്വപ്നങ്ങൾക്ക് വേണ്ടി പോരാടുന്ന ഏറ്റുമാനൂർ സ്വദേശി റെസി മാത്യുവിന് ഒപ്പം നിൽക്കുകയാണ് സ്വന്തം ഭൂമി എന്ന മോഹം സാക്ഷാത്കരിച്ചുകൊടുത്തുകൊണ്ട് സംസ്ഥാന സർക്കാരും. അൻപത്തിരണ്ടാം വയസിൽ ബിരുദം നേടി നിയമ ബിരുദം ജീവിതലക്ഷ്യമാക്കിയ റെസിയുടെ മുൻപിൽ  ഒരു തുണ്ട് ഭൂമി പോലും സ്വന്തം പേരിൽ ഇല്ല എന്ന സങ്കടം തീർത്ത പ്രതിസന്ധി ചെറുതായിരുന്നില്ല. കോട്ടയം മാമ്മൻ മാപ്പിള  ഹാളിൽ വച്ച് നടന്ന പട്ടയ മിഷൻ സംസ്ഥാനതല  ഉദ്ഘാടന ചടങ്ങിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജന്റെ കൈയിൽ നിന്നാണ് പത്തര സെന്റ് സ്ഥലത്തിന്റെ പട്ടയം  റെസി ഏറ്റുവാങ്ങിയത്.

കണ്ണൂർ സർലകാശാലയിൽ ഒന്നാംവർഷ നിയമ വിദ്യാർഥിനിയായ റെസിക്ക് സ്വന്തം പേരിൽ ഭൂമിയില്ലാത്തതിനാൽ പല ആനുകൂല്യങ്ങളും  നിഷേധിക്കപ്പെട്ടിരുന്നു.  വിദ്യാർഥികളായ മക്കൾ അഞ്ജലിക്കും ആശിഷിനുമൊപ്പം വാടക വീട്ടിലാണു റെസ്സി താമസിക്കുന്നത്. പഠനത്തോടൊപ്പം കുട്ടികളുടെ പഠനവും എന്ന വലിയ വെല്ലുവിളിയാണ് റെസിക്കു മുന്നിൽ. ഇത്തരം പ്രതിസന്ധികൾക്കിടെയാണ് 13 വർഷമായി അപേക്ഷ നൽകി കാത്തിരുന്ന തന്റെ സ്ഥലം പേരിലാക്കിക്കൊടുത്ത് സർക്കാർ തുണ നൽകിയത്. ഇരുളടഞ്ഞ ജീവിത സാഹചര്യങ്ങളിൽ ഭാവിയിലേക്ക്  പുതുവെളിച്ചം ലഭിച്ചതിന്റെ സന്തോഷത്തിലാണ് റെസ്സിയും മക്കളും പട്ടയ മിഷൻ വേദിയിൽനിന്നു പോയത്.

Tags