ആയുഷ്മാൻ ഭാരത്-കാസ്പ് കാർഡ്: വ്യാജവാഗ്ദാനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം : സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

fraud

ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന-കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (എ.ബി. പി.എം.-ജെ.എ.വൈ-കാസ്പ്) കാർഡുകൾ പുതുക്കി നൽകാമെന്നോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാമെന്നോ വ്യാജവാഗ്ദാനം ചെയ്ത് പണം ഈടാക്കുന്നവരാൽ ഗുണഭോക്താക്കൾ വഞ്ചിതരാകരുതെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി.

അക്ഷയ കേന്ദ്രങ്ങൾ, സി.എസ്.സി. (പൊതുസേവന കേന്ദ്രങ്ങൾ) ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കൊന്നും നിലവിൽ പദ്ധതിയുടെ കാർഡുകൾ പുതുതായി നൽകുന്നതിനോ നിലവിലുള്ള കാർഡുകൾ പുതുക്കുന്നതിനോ അപ്ഡേറ്റ് ചെയ്യുന്നതിനോ സർക്കാർ അനുമതി നൽകിയിട്ടില്ല.പദ്ധതിയുടെ അർഹരായ ഗുണഭോക്താക്കൾക്ക്  ചികിത്സയ്ക്കായി പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രികളിൽ എത്തുമ്പോൾ അർഹതയും നിലവിലുള്ള മാർഗനിർദേശങ്ങളും അനുസരിച്ച് തികച്ചും സൗജന്യമായി കാർഡ് ലഭ്യമാക്കുന്നതിനും നിലവിലുള്ള കാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യമുണ്ട്. അതിനാൽ, ഇത്തരം സേവനങ്ങൾക്കായി അനധികൃത കേന്ദ്രങ്ങളെ സമീപിച്ച് പണം നൽകേണ്ടതില്ല.
 പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും ദിശയുടെ സൗജന്യ ഹെൽപ്‌ലൈൻ നമ്പറായ 1056-ൽ ബന്ധപ്പെടാം.
 

Tags