വണ്‍വേ തെറ്റിച്ച് എത്തിയ കാര്‍ യാത്രിക സംസ്ഥാനപാതയില്‍ ഗതാഗത തടസം സൃഷ്ടിച്ചു

google news
road9


തൃശൂര്‍: ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരില്‍ വണ്‍വേ തെറ്റിച്ച് എത്തിയ കാര്‍ യാത്രിക സംസ്ഥാനപാതയില്‍ ഗതാഗത തടസം സൃഷ്ടിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ നടവരമ്പ് സ്‌കൂളിന് സമീപത്ത് നിന്നും കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അണ്ടാണികുളം വഴി തിരിഞ്ഞാണ് പോകേണ്ടത്. 
കൊടുങ്ങല്ലൂരില്‍നിന്നും വരുന്ന വാഹനങ്ങള്‍ ഒറ്റവരിയായാണ് ഗതാഗതം നടത്തുന്നത്. എന്നാല്‍ ഇന്നലെ രാവിലെ കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന ആളൂര്‍ സ്വദേശിയായ സ്ത്രീ ഓടിച്ചിരുന്ന കാര്‍ ഗതാഗതനിയന്ത്രണം തെറ്റിച്ച് സംസ്ഥാന പാതയിലൂടെ പോവുകയായിരുന്നു. വെള്ളാങ്കല്ലൂര്‍ ജംഗ്ഷന് സമീപത്തായി എതിരേ ബസടക്കമുള്ള വാഹനങ്ങള്‍ വന്നതിനെ തുടര്‍ന്ന് റോഡ് ബ്ലോക്കാവുകയായിരുന്നു. 

എന്നാല്‍ കാര്‍ ഒതുക്കുവാനോ തിരികെ എടുക്കുവാനോ തയാറാകാതെ സ്ത്രീ കാറിനുള്ളില്‍ തന്നെ ഏറെ നേരം ഇരിക്കുകയും ബസിലെ യാത്രക്കാരടക്കം ഇടപെട്ടതിനെ തുടര്‍ന്ന് വാഹനത്തില്‍നിന്നും പുറത്ത് ഇറങ്ങുകയായിരുന്നു. ഏറെ നേരത്തെ വാക്കേറ്റത്തിന് ശേഷം ഇരിങ്ങാലക്കുട പോലീസ് എത്തിയാണ് സ്ത്രീയെ കസ്റ്റഡിയില്‍ എടുത്ത് വാഹനം റോഡില്‍നിന്നും മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്. സംസ്ഥാനപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത
തടസം സൃഷ്ടിച്ച സ്ത്രീക്കെതിരേ ഇരിങ്ങാലക്കുട പോലീസ്
കേസെടുത്തു.

Tags