എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പഞ്ചായത്തുകളിലെ ബഡ്സ് സ്‌ക്കൂളുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം; മന്ത്രി ഡോ.ആര്‍.ബിന്ദു

കാസർഗോഡ് : ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പഞ്ചായത്തുകളിലെ ബഡ്സ് സ്‌ക്കൂളുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ദൈനം ദിന പ്രവര്‍ത്തങ്ങള്‍ ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിലായിരിക്കണമെന്നും ഉന്നത വിദ്യാഭ്യാസം-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം തീരുമാനിച്ചു. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി ബഡ്സ് സ്‌ക്കൂളുകള്‍ ജൂണ്‍ ഒന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കണം. ബദിയടുക്ക, എണ്‍മകജെ, പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലെ ബഡ്സ് സ്‌ക്കൂളുകള്‍ കേരള സാമൂഹിക സുരക്ഷാമിഷന്‍ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ സാമൂഹിക സുരക്ഷാ മിഷന്‍ ഏറ്റെടുത്ത മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളായ ബഡ്സ് സ്‌ക്കൂളുകളില്‍ ജീവനക്കാരുടെ വേതനം ഏകീകരിക്കും. ജീവനക്കാരുടെ താത്കാലിക നിയമനത്തിന് കളക്ടറേറ്റില്‍ കൂടിക്കാഴ്ച നടത്തും. ജീവനക്കാര്‍, തെറാപിസ്റ്റുകള്‍, ഉപകരണങ്ങള്‍ എന്നിവ സാമൂഹിക സുരക്ഷാ മിഷന്‍ ഒരുക്കും. ത്രിതല പഞ്ചായത്തുകള്‍ സംയുക്ത പദ്ധതി തയ്യാറാക്കി ബഡ്സ് സ്‌ക്കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മറ്റു ചെലവുകള്‍ വഹിക്കണം എല്ലാ ബഡ്സ് സ്‌ക്കൂളുകള്‍ക്കും കുടുംബശ്രീ മുഖേന വാഹനം ലഭ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചു. മേയ് 23ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിത മേഖലയിലെ പ്രസിഡണ്ടുമാരുടേയും ബ്ലോക്കുപഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും യോഗം ചേരും. ജില്ലാ കളക്ടര്‍ യോഗത്തില്‍ പങ്കെടുക്കും.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍, സി.എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.കെ.നാരായണന്‍, കെ.പി.വത്സലന്‍, എം.കുമാരന്‍, എം.ശ്രീധര, പി.വി മിനി, പ്രസന്ന പ്രസാദ്, സി.കെ അരവിന്ദാക്ഷന്‍, ജെ.എസ്.സോമശേഖര, ഹമീദ് പൊസോളിഗെ, കെ.ഗോപാലകൃഷ്ണ, ജില്ലാ കളക്ടര്‍ കെ.ഇന്‍ബശേഖര്‍, കാസര്‍കോട് ഡവല്‍പ്മെന്റ് പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജ്മോഹന്‍, എ.ഡി.എം കെ.നവീന്‍ ബാബു, സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ചേതന്‍ കുമാര്‍ മീണ, കേരള സാമൂഹിക സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.ഷിബു, സാമൂഹ്യ സുരക്ഷ മിഷന്‍ സംസ്ഥാന പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നസീം മേടയില്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജയ്‌സണ്‍ മാത്യു, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഷീബ മുംതാസ്, എന്‍ഡോസള്‍ഫാന്‍ നോഡല്‍ ഓഫീസര്‍ ഡോ.പ്രസാദ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.