സാംസ്‌കാരികരംഗം മാലിന്യങ്ങളുടെ ബ്രഹ്‌മപുരമായി: വി. മധുസൂദനന്‍ നായര്‍

xch

പെരിയ: സാംസ്‌കാരികരംഗം ഇന്ന് മാലിന്യങ്ങളുടെ ബ്രഹ്‌മപുരമായെന്ന് കവി വി. മധുസൂദനന്‍ നായര്‍. കേരള കേന്ദ്ര സര്‍വ്വകലാശാല മലയാള വിഭാഗം മഹാകവി കുമാരനാശാന്റെ 150ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതിതിന്ന് പുറത്ത് വലിച്ചെറിയുന്ന സംസ്‌കാരമാണ് സാഹിത്യത്തില്‍ കാണുന്നത്. അതിനാല്‍ മാലിന്യങ്ങള്‍ പെരുകുകയാണ്. മഹാകവി കുമാരനാശാന്‍ സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്കൊപ്പം ആത്മീയ പരിവര്‍ത്തനവും ലക്ഷ്യമാക്കിയിരുന്നു. സത്യം, സമത്വം, സ്‌നേഹം സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളാണ് ആശാന്‍ കവിതയില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാഷാ താരതമ്യ പഠന വിഭാഗം ഡീന്‍ പ്രൊഫ.വി.രാജീവ് അധ്യക്ഷത വഹിച്ചു. ഡീന്‍ അക്കാദമിക് പ്രൊഫ.അമൃത് ജി കുമാര്‍, മലയാള വിഭാഗം അധ്യക്ഷന്‍ ഡോ.ആര്‍.ചന്ദ്രബോസ്, ഡോ.ദേവി കെ എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ ഡോ.രാജേന്ദ്രന്‍ എടത്തുംകര, ഡോ.കെ.പി.രവി, എ.പി. ശശിധരന്‍, അയിസത്ത് ഹസൂറ, ഫാത്തിമത്ത് നൗഫീറ, മോനിഷ എം, അനശ്വര ശുഭ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ.സുമിതാ എന്‍ നായരും സംഘവും അവതരിപ്പിച്ച ചിന്താവിഷ്ടയായ സീതയുടെ ദൃശ്യാവിഷ്‌കാരവും നടന്നു. സെമിനാര്‍ ഇന്ന് സമാപിക്കും. കല്പറ്റ നാരായണന്‍, സജയ് കെ.വി, ഡോ.എ.എം ശ്രീധരന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

Share this story