ആറളത്തെ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: ബി.ജെ.പി ആറളം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും

പേരാവൂര്‍:ആറളം പുനരധിവാസ മേഖലയില്‍ ആദിവാസി യുവാവിനെ കാട്ടാനചവുട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച്ച ആറളം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍.വാഹനങ്ങളെയും ഹോട്ടലുകളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഹര്‍ത്താലിന്റെ ഭാഗമായി പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ കരിദിനവും ആചരിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. അതേ സമയം കണ്ണൂരിന്റെ മലയോര മേഖലയില്‍ ഒരു ജീവന്‍ കൂടി കാട്ടാനയുടെ ആക്രമണത്തില്‍ പൊലിഞ്ഞത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇരിട്ടി മേഖലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആറളം ഫാമില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ആറളം ഫാമിലെ പത്താം ബ്ലോക്കിലെ രഘുവാണ് (43)അതിദാരുണമായി കൊല്ലപ്പെട്ടത്. വെളളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
വിറക് ശേഖരിക്കാനായി പോയ ആദിവാസി യുവാവാണ് കൊല്ലപ്പെട്ടത്.
ഒരു സംഘമായാണ് ഇവര്‍ വിറക് ശേഖരിക്കാനായി പോയത്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്‍നിരയിലായിരുന്നു രഘു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ രഘുവിനെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രിയല്‍ നിന്നും പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.