സമ്പൂര്‍ണ ശുചിത്വ ജില്ല എന്ന ലക്ഷ്യം കൈവരിക്കാന്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കണം : പത്തനംതിട്ട ജില്ലാ കളക്ടര്‍

പത്തനംതിട്ട : സമ്പൂര്‍ണ ശുചിത്വ ജില്ല എന്ന ലക്ഷ്യം കൈവരിക്കാന്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കണമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ.എസ്.അയ്യര്‍ പറഞ്ഞു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ചു നടന്ന ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റ് ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.സമ്പൂര്‍ണ ശുചിത്വ ജില്ല എന്ന ലക്ഷ്യം കൈവരിക്കാന്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജീവനക്കാര്‍ക്കിടയില്‍ അവബോധം ഉണ്ടാക്കണമെന്നും, കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ പരിശീലനം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും, മലിനീകരണ നിയന്ത്രണ ബോര്‍ഡിലും രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനുളളില്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയിലെ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന ഏജന്‍സികളായ കീല്‍, ഇമേജ് എന്നിവയുടെ പ്രതിനിധികള്‍ മാലിന്യശേഖരണം, സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു.ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ.സി.എസ് നന്ദിനി, ജില്ലാ മെഡിക്കല്‍ ആഫീസര്‍
(ആയുര്‍വേദം)ഡോ.പി.എസ്.ശ്രീകുമാര്‍ , ജില്ലാ മെഡിക്കല്‍ ആഫീസര്‍(ഹോമിയോ) ഡോ.ബിജു,മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.