ചെറുകിട സംരംഭകര്‍ക്ക് വഴിയൊരുക്കി കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ബി ടു ബി മീറ്റ്

google news
xfh

കൊല്ലം:  ജില്ലയിലെ ചെറുകിട സംരംഭകര്‍ക്ക് വിപണിയിലേക്ക് വഴിയൊരുക്കി എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ജില്ലാ വ്യവസായ കേന്ദ്രം ബിസിനസ് ടു ബിസിനസ് മീറ്റ്. ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകരെ വിപണന ശൃംഖലയുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ഉടമകളും വിതരണക്കാരുമായി ബന്ധപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മീറ്റ് സംഘടിപ്പിച്ചത്.ജില്ലയിലെ 43 ചെറുകിട സംരംഭകര്‍ മീറ്റില്‍ പങ്കെടുത്തു.

സൂപ്പര്‍ മാര്‍ക്കറ്റുകളും  സംരംഭകരും  തമ്മില്‍ നേരിട്ടുള്ള ആശയവിനിമയത്തിന് വേദിയൊരുക്കാന്‍ മീറ്റിലൂടെ കഴിഞ്ഞു.
വിവിധ ഭക്ഷ്യ ഉത്പ്പന്നങ്ങള്‍, ശുചീകരണ ലോഷനുകള്‍, മറ്റ് മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ എന്നിവയുടെ വിപണനത്തിന് മീറ്റിലൂടെ കൂടുതല്‍ സാധ്യതകള്‍ തുറന്നു. സംരംഭകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങളുടെ നിര്‍മാണ രീതി, ഗുണമേന്മ, വില എന്നിവയെ സംബന്ധിച്ച് നേരിട്ട് വിവരിക്കാനുമായി. ഉടമകള്‍ അവരുടെ ആവശ്യങ്ങള്‍ സംരംഭകരോട് വിവരിച്ചു. അന്തര്‍ദേശീയ ബ്രാന്‍ഡുകളോട് മത്സരിക്കേണ്ടി വരുമെങ്കിലും ഉത്പന്നങ്ങളുടെ ഗുണമേന്മ കൊണ്ട് വിപണിയില്‍ സാന്നിധ്യമാകാന്‍ കഴിയുമെന്ന് മീറ്റ് വിലയിരുത്തി.

പഞ്ചായത്തുകളില്‍ നിന്ന് നേരിട്ടാണ് വ്യവസായ കേന്ദ്രം സംരംഭകരെ തെരഞ്ഞെടുത്തത്. സര്‍ക്കാരിന്റെ സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായുള്ളവരും മീറ്റിന്റെ ഭാഗമായി. സംരംഭകരില്‍ വീട്ടമ്മമാര്‍ ഉള്‍പ്പടെയുള്ള സ്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍മാരായ ആര്‍ ദിനേശ്, എസ് കിരണ്‍, ഉപജില്ലാ വ്യവസായ ഓഫിസര്‍മാരായ സജീവ്, അന്‍ജിത് എന്നിവര്‍ നേതൃത്വം നല്‍കി.

Tags