അയ്യൻകുന്നിൽ വീണ്ടും അഞ്ചംഗ മാവോവാദി സംഘം എത്തി

ഇരിട്ടി: അയ്യൻകുന്നിൽ വീണ്ടും അഞ്ചംഗ മാവോവാദി സംഘം എത്തി. വാണിയപ്പാറക്ക് അടുത്ത തുടിമരം സ്വദേശി ബൈജു ഞാവരക്കാലായിന്റെ വീട്ടിലാണ് ഞായറാഴ്ച വൈകിട്ട് 6.15 ഓടെ അഞ്ചംഗ സംഘം എത്തിയത്. രാത്രി 10.15 വരെ ബൈജുവിന്റെ വീട്ടിൽ തുടർന്ന സംഘം പാകം ചെയ്ത ഭക്ഷണം കഴിക്കുകയും അരി, തേങ്ങ, മണ്ണെണ്ണ മുതലായ വസ്തുക്കൾ ശേഖരിച്ചാണ് തിരിച്ചുപോയത്.
ബൈജുവും അമ്മ ചന്ദ്രികയും മാത്രമുള്ള വീട്ടിൽ ഇതിന് മുമ്പും ഇവർ എത്തിയിരുന്നതായും ഭയം മൂലം വെളിയിൽ പറയാതിരുന്നതെണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വാണിയപ്പാറയിലെ തന്നെ കളിതട്ടംപാറ പ്രദേശത്തെ വീട്ടിൽ മൊയ്തീൻ അടങ്ങുന്ന അഞ്ചംഗ മാവോവാദി സംഘം എത്തിയിരുന്നത്. ഇരിട്ടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് ഈ പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തുകയാണ്.