ഷോറൂമില്‍ സര്‍വീസിനെത്തിച്ച കാര്‍ മോഷ്ടിച്ച കേസ്: മുന്‍ ജീവനക്കാരന്‍ പിടിയില്‍

google news
sgf


പാലക്കാട്: ഒറ്റപ്പാലം പത്തൊമ്പതാം മൈലില്‍ ഷോറൂമില്‍ സര്‍വീസിനെത്തിച്ച കാര്‍ മോഷ്ടിച്ച കേസില്‍ മുന്‍ ജീവനക്കാരന്‍ പിടിയില്‍. കോട്ടോപ്പാടം കോലോത്തൊടി വീട്ടില്‍ അബ്ദുള്‍ സമദി(36)നെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. 2022 ജൂണ്‍ 27നാണ് ഷോറൂമില്‍ നിര്‍ത്തിയിട്ട പാലക്കാട് കല്ലൂര്‍ സ്വദേശിനിയുടെ കാര്‍ മോഷണം പോയത്. തുടര്‍ന്ന് ഷോറൂം സര്‍വീസ് മാനേജര്‍ പോലീസിനെ സമീപിച്ചു. ഷോറൂമിലെ സി.സി.ടി.വി. കാമറയുടെ സാങ്കേതികഭാഗങ്ങളും കാണാതായിരുന്നു. തുടര്‍ന്ന് പോലീസ് സി.സി.ടി.വി. കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

ഒന്നര വര്‍ഷം മുന്‍പ് സ്ഥാപനത്തില്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് സമദിനെ പുറത്താക്കിയിരുന്നതായി പോലീസ് പറഞ്ഞു. കാര്‍ മോഷണം പോയതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനം പാലക്കാട് ജില്ലാ അതിര്‍ത്തി കടന്നുപോയതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു. പുലാമന്തോളില്‍ ഓട്ടോമാറ്റിക്ക് നമ്പര്‍ പ്ലേറ്റ് റീഡിങ് കാമറയില്‍ വണ്ടിയുടെ നമ്പര്‍ പതിഞ്ഞത് വഴിത്തിരിവായി. അന്വേഷണത്തിനിടയില്‍ മോഷണം പോയ വാഹനം പുലാമന്തോള്‍ വഴി കടന്നുപോയതായി അറിയുകയും തുടര്‍ന്ന്  പെരിന്തല്‍മണ്ണ പോലീസ് വാഹനം പിടികൂടുകയുമായിരുന്നു.

മറ്റൊരാളില്‍ നിന്നാണ് പെരിന്തല്‍മണ്ണ പോലീസ് കാര്‍ കണ്ടെടുത്തത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് സമദാണ് കാര്‍ നല്‍കിയതെന്ന് അറിഞ്ഞത്. തുടര്‍ന്ന് സമദിനെ പിടികൂടി ഒറ്റപ്പാലം പോലീസിന് കൈമാറുകയായിരുന്നു. ഒറ്റപ്പാലം ഇന്‍സ്‌പെക്ടര്‍ എം. സുജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Tags