ദുരന്ത മുഖത്ത് സേവന സന്നദ്ധരായി ജില്ലയില്‍ 300 ആപതാമിത്രകള്‍ : മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ സല്യൂട്ട് സ്വീകരിച്ചു

google news
fdj

കാസർഗോഡ് : ഏതൊരു ദുരന്തമുഖത്തും ആദ്യം കൈത്താങ്ങാവാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനും ഇനി ആപതാമിത്രയുണ്ടാവും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ആപതാമിത്ര പദ്ധതിയിലൂടെ അഗ്നി രക്ഷാ സേനയ്ക്ക് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ജില്ലയിലെ 300 ആപതാമിത്രകള്‍ ഇനി ദുരന്തവേളകളിലെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സാന്നിധ്യമായി മാറും. സംസ്ഥാനത്തെ 4300 ആപതമിത്ര വളണ്ടിയര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ സല്യൂട്ട് സ്വീകരിച്ചു. അഗ്നി രക്ഷാ സേനയിലെ വിദഗ്ധരായ ഉദ്യോഗസ്ഥരുടെ നൈപുണ്യവും കഴിവും പൊതുസമൂഹത്തിന് പകര്‍ന്ന് നല്‍കിയാല്‍ ദുരന്തഘട്ടങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അത് വലിയ മുതല്‍ക്കൂട്ടാവുമെന്നും അതുകൊണ്ടാണ് ആപതാമിത്രയുടെ പരിശീലനം അഗ്നി രക്ഷാ സേനയെ ഏല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഉണ്ടാകാനിടയുള്ള പ്രതിസന്ധികളെ നേരിടാനുള്ള സജ്ജീകരണം പൂര്‍ത്തിയാക്കേണ്ടതാണെന്നും എങ്കില്‍ മാത്രമേ പ്രതിസന്ധികളില്‍ തളര്‍ന്ന് പോവാതെ നവകേരളം എന്ന ലക്ഷ്യത്തി്‌ലെത്താനാവുകയുള്ളൂ എന്നും  മുഖ്യമന്ത്രി പറഞ്ഞു.കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് , ഹോം ഗാര്‍ഡ് ആന്‍ഡ് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബി സന്ധ്യ, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണു, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ , എന്‍.ഡി.എം.എ ജോയിന്റ് സെക്രട്ടറി ആന്‍ഡ് അഡൈ്വസര്‍ കുനാല്‍ സത്യാര്‍ത്ഥി,  ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷ്ണര്‍ ടി വി അനുപമ, കെ.എസ്.ഡി.എം.എ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ് എന്നിവര്‍ സന്നിഹിതരായി.

ജില്ലയിലെ അഞ്ച് ഫയര്‍ സ്റ്റേഷനു കീഴിലായി തെരഞ്ഞെടുത്ത ആപതാമിത്ര വളണ്ടിയര്‍മാര്‍ക്ക് പന്ത്രണ്ട് ദിവസത്തെ പരിശീലനമാണ് നല്‍കിയത്.  18നും 40നും ഇടയില്‍ പ്രായമുള്ളവരെയാണ് വളണ്ടിയര്‍ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നത്.  ജില്ലയിലെ 300 വളണ്ടിയര്‍മാരില്‍ അറുപതിലധികം വനിതകളാണ്. വിവാഹിതരും അവിവാഹിതരും ജോലി ചെയ്യുന്നവരും വിദ്യാര്‍ഥികളുമെല്ലാം സംഘത്തില്‍ ഉള്‍പ്പെടുന്നു.300 വളണ്ടിയര്‍മാരില്‍ കൂടുതല്‍ വളണ്ടിയര്‍മാരുള്ളത് തൃക്കരിപ്പൂര്‍ സ്റ്റേഷന് കീഴിലാണ്. പൊലീസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ആപതാമിത്രയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത്. പരിശീലന കാലയളവില്‍ നിശ്ചിത തുക പ്രതിഫലമായി ലഭിക്കും. ഒരു വര്‍ഷത്തേക്കുളള ഇന്‍ഷുറന്‍സ് പരിരക്ഷയും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും പതിനായിരം രൂപയുടെ ദുരന്ത പ്രതികരണ കിറ്റും ആപതാമിത്രകള്‍ക്ക് ലഭിക്കും.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പാസിംഗ് ഔട്ട്  ചടങ്ങില്‍ ജില്ലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 300 ആപതാമിത്രകളും പങ്കെടുത്തു. അസിസ്റ്റന്റ് കളക്ടര്‍ മിഥുന്‍ പ്രേം രാജ്, എഡിഎം (ഇന്‍ ചാര്‍ജ്) നവീന്‍ ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍,  അഗ്നി രക്ഷാ സേന ഉപ്പള സ്‌റ്റേഷന്‍ ഓഫീസര്‍ പി വി പ്രഭാകരന്‍, കാസര്‍കോട് സ്‌റ്റേഷന്‍ ഓഫീസര്‍ കെ അനില്‍ കുമാര്‍ , കുറ്റിക്കോല്‍ സ്്‌റ്റേഷന്‍ ഓഫീസര്‍ ഷാജി ജോസഫ്,  ഹസാര്‍ഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ് എന്നിവര്‍ സംസാരിച്ചു. അഗ്നി രക്ഷാ സേനാ വിഭാഗം ജില്ലാ ഓഫീസര്‍ ബി രാജ് സ്വാഗതവും തൃക്കരിപ്പൂര്‍  അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍ കുര്യാക്കോസ് നന്ദിയും പറഞ്ഞു

Tags