ആനയെ മയക്കുവെടി വെക്കുന്നത് അടുത്തറിയാം ; മൃഗസംരക്ഷണ വകുപ്പ് സ്റ്റാളിലേക്ക് വരൂ

google news
fff

തിരുവനന്തപുരം : അരിക്കൊമ്പൻ, പി. ടി 7 തുടങ്ങിയ കരിവീരന്മാരെ മയക്കിയ എലഫന്റ് സ്‌ക്വാഡ് പ്രവർത്തനങ്ങൾ അടുത്തറിയാൻ അവസരമൊരുക്കി മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാൾ. തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളംമെഗാ പ്രദര്‍ശന വിപണന മേളയിലെ മൃഗസംരക്ഷണ വകുപ്പ് സ്റ്റാളിലാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ അഭിമാനമായ എലഫന്റ് സ്‌ക്വാഡ് ഡോക്ടർമാർ ആനകൾക്ക് എങ്ങനെ എപ്പോൾ എവിടെ വെച്ച് മയക്കുവെടി വെക്കുമെന്ന രീതികൾ കാണികൾക്ക്‌ പ്രയോഗികമായി വിശദീകരിച്ചു കൊടുക്കുന്നു.

കൂടാതെ ഇന്ന് മുതൽ സ്റ്റാളിൽ വിദേശയിനം അലങ്കാരപക്ഷികൾക്കൊപ്പം ടർക്കിയും കുതിരയും എത്തിയിട്ടുണ്ട്. എലി വർഗ്ഗത്തിൽ പെട്ട ഹെഡ് ജോഗ്, ഫാൻസി എലികൾ, ഷോർട് ഹെയർ ഹാംസ്റ്റർ, ഗിർബൽ, അണ്ണാൻ വർഗ്ഗത്തിൽ പെട്ട ഷുഗർ ഗ്ളൈഡർ കുഞ്ഞൻ ഇനങ്ങളും കുട്ടികളെ ഏറെ ആകർഷിച്ചു മേളയിലെ
താരങ്ങളാവുകയാണ്. എന്റെ കേരളം മേള കാണാൻ ജാര്‍ഖണ്ഡ് കൃഷി - മൃഗസംരക്ഷണ - സഹകരണ വകുപ്പ് മന്ത്രി ബാദല്‍ പത്രലേഖ് മൃഗസംരക്ഷണ വകുപ്പ് സ്റ്റാളിലെത്തി.കേരളത്തിലെ കാർഷിക, മൃഗസംരക്ഷണ മേഖലയിൽ നടപ്പിലാക്കുന്ന മികച്ച മാതൃകകളെ അടുത്തറിയാനും പകർത്താനുമായാണ് ജാര്‍ഖണ്ഡ് മന്ത്രി കേരളത്തിലെത്തിയത്.

Tags