വേമ്പനാട്ട് കായലിലെ അസ്തമയ സൂര്യനെ കാണാം; ജല ഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബോട്ട് സർവീസ് തുടങ്ങി

suryanekaanam

ആലപ്പുഴ :അന്തി മയങ്ങിയ കുട്ടനാടിന്റ ഭംഗിയും വേമ്പനാട്ട് കായലിൽ നിന്നുള്ള അതിമനോഹരമായ അസ്തമയ കാഴ്ച്ചകളും ഇനി കുറഞ്ഞ ചെലവിൽ കൺകുളിർക്കെ ആസ്വദിക്കാം. സംസ്ഥാന ജലഗതാഗത വകുപ്പ് നടത്തുന്ന സൺസെറ്റ് ക്രൂയിസ് ബോട്ടിന്റെ ആദ്യ സർവീസ് തിങ്കളാഴ്ച ആലപ്പുഴയിൽ നിന്ന് തുടങ്ങി.  

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ജലഗതാഗത വിനോദസഞ്ചാര മേഖലയെ കൂടുതൽ ജനകീയമാക്കുന്നതിനായി ആവിഷ്കരിച്ച ഈവനിംഗ് സൺസെറ്റ് ക്രൂയിസ് ബോട്ട് സർവീസ് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എ.ഡി. തോമസ് എംഎൽ എ അധ്യക്ഷത വഹിച്ചു. 

'സീ കുട്ടനാട്' എന്ന ബോട്ടാണ് ദിവസവും വൈകീട്ട് 5.30 ന് യാത്ര തിരിച്ചു, നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമട കായലിലൂടെ, സായി-മംഗലശ്ശരി-കുപ്പപ്പുറം-പുഞ്ചിരി വഴി രണ്ട് മണിക്കൂർ കറങ്ങി തിരിച്ചെത്തുക. ആകെ 90 സീറ്റുകളുള്ള ബോട്ടിൽ 30 എണ്ണം മുകൾ നിലയിലാണ്. ഒരാൾക്ക് 200 രൂപയാണ് നിരക്ക്. 

കാലത്തിനനുസരിച്ചു പരിഷ്ക്കരിക്കുന്ന ജല ഗതാഗത വകുപ്പിന്റെ, സഞ്ചാരികളെ ആകർഷിക്കാനുള്ള ഏറ്റവും പുതിയ പദ്ധതിയാണ് സൺസെറ്റ് ക്രൂയിസ് ബോട്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജി സുധാകരൻ എം എൽ എ പറഞ്ഞു. സാധാരണക്കാർക്കും കുറഞ്ഞ നിരക്കിൽ കായലിലെ മനോഹരമായ അസ്തമയ ദൃശ്യം ആസ്വദിക്കാനാകും എന്നതാണ് സർവീസിന്റെ പ്രത്യേകത. പുതിയ സർവീസ് വഴി ആലപ്പുഴയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്ന് എ ഡി തോമസ് എം എൽ എ പറഞ്ഞു. മുല്ലയ്ക്കൽ വാർഡ് കൗൺസിലർ സതീദേവി, ജല ഗതാഗത വകുപ്പ് ഡയറക്ടർ ജെ ഒ അരുൺ, പ്രൊജക്റ്റ്‌ ഓഫീസർ എം വി അരുൺ എന്നിവർ സംസാരിച്ചു. സൺസെറ്റ് ക്രൂയിസ് ബോട്ട് സർവീസ് ബുക്കിങ്ങിന് 9400050326 നമ്പറിൽ ബന്ധപ്പെടണം.
 

Tags