ഖരമാലിന്യ പരിപാലന ചട്ടം; വൻകിട മാലിന്യ ഉൽപ്പാദക സ്ഥാപനങ്ങളിൽ പരിശോധന നടത്തി
ആലപ്പുഴ : 2026 ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങളുടെയും സുപ്രീം കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിൽ, ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പ്രത്യേക സംഘം ആലപ്പുഴ നഗരസഭ പരിധിയിലെ വൻകിട മാലിന്യ ഉൽപ്പാദക സ്ഥാപനങ്ങളിൽ പ്രാഥമിക പരിശോധന നടത്തി.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പോർട്ടലിൽ (സി.പി.സി.ബി) വൻകിട മാലിന്യ ഉൽപ്പാദകരായി രജിസ്റ്റർ ചെയ്ത ഒലിവിയ ഇന്റർനാഷണൽ, പുന്നമട റിസോർട്ട്, ക്ലാസിക് റീജൻസി എന്നീ സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥ സംഘം വ്യാഴാഴ്ച ആദ്യഘട്ട പരിശോധന നടത്തിയത്.
2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന ഖരമാലിന്യ പരിപാലന ചട്ടപ്രകാരം ഒരുദിവസം 100 കിലോയോ അതിൽ കൂടുതലോ മാലിന്യം ഉൽപ്പാദിപ്പിക്കുന്നതോ, 20000 ചതുരശ്രമീറ്റർ അല്ലെങ്കിൽ അതിൽ കൂടുതൽ നിർമ്മാണ വിസ്തൃതി ഉള്ളതോ, പ്രതിദിനം 40000 ലിറ്റർ അല്ലങ്കിൽ അതിൽ കൂടുതൽ ജല ഉപഭോഗമുള്ളതോ ആയ സ്ഥാപനങ്ങളെയാണ് വൻതോതിൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്നവയായി പരിഗണിക്കുന്നത്.
ചട്ടങ്ങൾ പ്രകാരം ഇത്തരം സ്ഥാപനങ്ങൾ തങ്ങൾ ഉൽപ്പാദിക്കുന്ന മാലിന്യം ജൈവം, അജൈവം, സ്പെഷ്യൽ കെയർ, ഹസാർഡസ് എന്നിങ്ങനെ വേർതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുകയോ ശാസ്ത്രീയ സംസ്കരണത്തിന് കൈമാറുകയോ ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനാണ് പരിശോധന നടത്തുന്നത്.
2026 ലെ ഖരമാലിന്യ ചട്ടങ്ങൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ സ്ഥാപനങ്ങൾക്കും പരിശോധന സംഘം നിർദ്ദേശം നൽകി. തങ്ങളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി വലിയതോതിൽ മാലിന്യം പുറന്തള്ളുന്ന എല്ലാ സംരംഭകരും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പോർട്ടലിൽ ബൾക്ക് വേസ്റ്റ് ജനറേറ്റർ രജിസ്ട്രേഷൻ നടത്തണമെന്നും എല്ലാവരും ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ പാലിക്കണമെന്നും തുടർന്നും പരിശോധനകൾ ഉണ്ടാകുമെന്നും ജില്ലാ കളക്ടർ ഷാജി വി നായർ അറിയിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് മാത്യു, അമ്പലപ്പുഴ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ മനോജ് വി, മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ സരിത ആർ, പോലീസ് സബ്ബ് ഇൻസ്‌പെക്ടർ മനോജ് വി പി, ആലപ്പുഴ നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ജയകുമാർ, ശുചിത്വ മിഷൻ പ്രതിനിധി, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
.jpg)

