ഓറഞ്ച് ദ വേൾഡ്' കാമ്പയിന് തുടക്കം: അവകാശങ്ങൾക്കായി സ്ത്രീകൾ ഉറച്ച നിലപാട് സ്വീകരിക്കണം: കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കൊല്ലം : സ്ത്രീകൾ അവകാശങ്ങൾക്കായി ഉറച്ച നിലപാട് സ്വീകരിച്ച് നിയമപരിരക്ഷ തേടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ ലതാദേവി. വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഓറഞ്ച് ദ വേൾഡ്' കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ട്രിനിറ്റി ലൈസിയം സ്കൂളിൽ നിർവഹിക്കുകയായിരുന്നു അവർ. ജാതി, മതം, ലിംഗം, രാഷ്ട്രീയം തുടങ്ങിയ വേർതിരിവുകൾക്കതീതമായി സ്ത്രീകൾക്ക് മുന്നോട്ടുപോകാൻ കഴിയണം. അതിന് സഹായകരമാകുന്ന പ്രവർത്തനങ്ങളാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തി വരുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനും വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന 'ഓറഞ്ച് ദ വേൾഡ്' കാമ്പയിന്റെ ഭാഗമായി ഡിസംബർ 10 വരെ 16 ദിവസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ നടക്കും. 'സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഒന്നിക്കാം: നീതി ഉറപ്പാക്കുക, അതിജീവിതരെ സംരക്ഷിക്കുക, കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുക ' എന്നതാണ് ഈ വർഷത്തെ കാമ്പയിൻ പ്രമേയം.
ജില്ലാ കലക്ടർ ആനി ജൂലാ തോമസ് വിശിഷ്ടാതിഥിയായി. സ്ത്രീകളുടെ സമീപനത്തിൽ മാറ്റം അനിവാര്യമാണ്. 'നോ' എന്ന് പറയേണ്ടിടത്ത് അത് പറയാനുള്ള ആർജവം സ്ത്രീകൾക്ക് ഉണ്ടാകണമെന്നും സ്ത്രീകളുടെ സമീപനത്തിൽ മാറ്റം വരുമ്പോഴാണ് സമൂഹത്തിലും മാറ്റം സാധ്യമാകുകയെന്നും കലക്ടർ പറഞ്ഞു.ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ.ഉദയ സുകുമാരൻ അധ്യക്ഷയായി. മോട്ടിവേഷണൽ സ്പീക്കർ അഡ്വ. സന്തോഷ് തങ്ങൾ സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ വിമൻസ് കൗൺസിൽ വൈസ് പ്രസിഡന്റ് ജയിൻ ആൻസൽ ഫ്രാൻസിസ് ശൈശവ വിവാഹത്തിനെതിരായ പ്രതിജ്ഞ ചൊല്ലി.
എ ഡി എം എസ് സജീദ്, വനിതാ ശിശു വികസന ഓഫീസർ റ്റിജൂ റേച്ചൽ തോമസ്, റോട്ടറി ക്ലബ് പ്രസിഡന്റ് നിസാം അബ്ദുൽ റഹ്മാൻ, ട്രിനിറ്റി ലൈസിയം പ്രിൻസിപ്പൽ റവ. ഫാദർ ഡോ.ജാക്സൺ ജെയിംസ്, വനിതാ സംരക്ഷണ ഓഫീസർ എ. ശ്രീജ, സങ്കൽപ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ സൂസൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ശൈശവ വിവാഹത്തിനെതിരായ സന്ദേശമുയർത്തി കോളേജ് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കാമ്പയിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച സന്ദേശ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.ആർ ലതാദേവി ഫ്ലാഗ് ഓഫ് ചെയ്തു. ഹൈസ്കൂൾ ജംഗ്ഷനിൽനിന്ന് ആരംഭിച്ച റാലി ട്രിനിറ്റി ലൈസിയം സ്കൂളിൽ അവസാനിച്ചു. എൻ എസ് എസ് വോളണ്ടിയർമാർ, സ്കൂൾ-കോളേജ് വിദ്യാർഥികൾ, റോട്ടറി ക്ലബ് അംഗങ്ങൾ, വാക്കിങ് ക്ലബ് അംഗങ്ങൾ, സ്കൂൾ കൗൺസലർമാർ, ഹരിതകർമ്മസേന അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഫ്ലാഷ് മോബും അരങ്ങേറി.
.jpg)

