ചെങ്ങന്നൂർ മണ്ഡലത്തിലെ സ്വപ്ന പദ്ധതികൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ് : മന്ത്രി സജി ചെറിയാൻ

Minister Saji Cherian

ആലപ്പുഴ :  ചെങ്ങന്നൂർ മണ്ഡലത്തിലെ സ്വപ്ന പദ്ധതികൾ ഒന്നൊന്നായി യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ ഐടിഐ ജംഗ്ഷനിൽ നടന്ന ചെങ്ങന്നൂർ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനവും ചെങ്ങന്നൂർ കെ.എസ്.എഫ്.ഡി.സി മൾട്ടിപ്ലക്സ് തീയറ്റർ കോംപ്ലക്സിന്റെ നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

tRootC1469263">

1953 ൽ വാടക കെട്ടിടത്തിൽ ആരംഭിച്ച ചെങ്ങന്നൂർ ആയുർവേദ ആശുപത്രിയ്ക്ക് നിരവധി സാങ്കേതിക തടസ്സങ്ങൾക്ക് ശേഷമാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞത്. ആശുപത്രി സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. പരിപാലിക്കേണ്ട ചുമതല നഗരസഭയ്ക്കാണ്. 48.5 കോടി രൂപ വകയിരുത്തി അഞ്ചു നിലകളോടു കൂടിയ കെ.എസ്.എഫ്.ഡി.സി യുടെ തീയറ്റർ സമുച്ചയമാണ് ചെങ്ങന്നൂരിൽ നിർമ്മിക്കുന്നത്. മൂന്ന് തിയേറ്ററുകളും ഓഡിറ്റോറിയവും മിനി കോൺഫറൻസ് ഹാളും വ്യാപാര സ്ഥാപനങ്ങളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ മധു അധ്യക്ഷനായി. 

മൂന്ന് നിലകളിലായി 5.66 കോടി രൂപ ചെലവിൽ 15,064 ചതുരശ്ര അടി വിസ്തൃതിയിലാണ് ചെങ്ങന്നൂർ ആയുർവേദ ആശുപത്രി നിർമ്മിച്ചിരിക്കുന്നത്. 15 കിടക്കകളുള്ള പുരുഷന്മാരുടെ വാർഡ്, എട്ട് കിടക്കകളുള്ള സ്ത്രീകളുടെ വാർഡ്, സ്ത്രീകൾക്കും പുരുഷന്മാർക്കും ശുചി മുറികൾ, മൾട്ടി പർപ്പസ് ഹാൾ, ഫാർമസി എന്നീ സംവിധാനങ്ങളോടെയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 

ഉദ്ഘാടന ചടങ്ങിൽ നഗരസഭാ സ്ഥിരം സമിതി അംഗം അനിൽകുമാർ, കെ.എസ്.എഫ്.ഡി.സി എം ഡി പ്രിയദർശൻ, മെഡിക്കൽ ഓഫീസർ ഡോ. പി ജിജി ജോൺ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എസ് ബിന്ദു, മറ്റ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags