കയർമേഖലയുടെ പ്രതാപം വീണ്ടെടുക്കും, ആലപ്പുഴയെ കയറിന്റെ തലസ്ഥാനമാക്കും: മന്ത്രി രമേശ് ചെന്നിത്തല

ramesh chennithala

 ആലപ്പുഴ : കയർമേഖലയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അതിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും സഹകരണവും കൂട്ടായ്മയും ആവശ്യമാണെന്നും ആഭ്യന്തര, കയർവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ‘കയറിന് ഒരു കൈത്താങ്ങ്, ഒരു വീട്ടിൽ ഒരു കയർ ഉൽപ്പന്നം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കയർ കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആധുനിക വിപണിക്ക് അനുയോജ്യമായ മൂല്യവർധിത കയർ ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ചാലേ വിപണിയിൽ നമുക്ക് പിടിച്ചു നിൽക്കാൻ കഴിയൂ. പുതിയ സർക്കാർ അധികാരമേറ്റ കഴിഞ്ഞ രണ്ടര മാസത്തിനുള്ളിൽ കയർതൊഴിലാളി നേതാക്കളുമായും മാനേജുമെന്റുകളുമായും ചർച്ച നടത്തി ഈ മേഖലയിലെ കാതലായ പ്രശ്നങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. കൂട്ടായ പരിശ്രമത്തിലൂടെ കയർമേഖലയുടെ നഷ്ടപ്രതാപം വീണ്ടുക്കാനും ആലപ്പുഴയെ കയറിന്റെ തലസ്ഥാനമാക്കാനും കഴിയും എന്നാണ് കരുതുന്നത്. സാമ്പത്തിക പരാധീനതകൾക്കിടയിലും കയർ മേഖലയ്ക്കായി ഓണത്തിന് മുമ്പ് സർക്കാർ 56.45 കോടി രൂപ അനുവദിച്ചത് സന്തോഷപൂർവം അറിയിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.   

443 കയർ സംഘങ്ങൾക്ക് പ്രവർത്തനക്ഷമത വിലയിരുത്തി 4.56 കോടി രൂപ വർക്കിങ് കാപിറ്റലായി നൽകും. കയർ ഭൂവസ്ത്രം വിതരണം ചെയ്ത വകയിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കുടിശ്ശികയായി നൽകാനുള്ള 68 കോടിയിൽ 41 കോടി രൂപ ഇതിനകം റിലീസ് ചെയ്തിട്ടുണ്ട്. കയർഫെഡും കയർകോർപ്പറേഷനും സംഘങ്ങൾക്ക് നൽകാനുള്ള കയർ വില കുടിശ്ശികയിൽ 12 കോടിയൽ 10.95 കോടി രൂപ നൽകാൻ തീരുമാനമെടുത്തതായും മന്ത്രി പറഞ്ഞു.

741 കയർസംഘങ്ങളും രണ്ട് ലക്ഷത്തിൽപരം തൊഴിലാളികളുമാണ് ഈ മേഖലയിലുള്ളത്. തൊഴിലെടുക്കാൻ കഴിയാത്ത കയർതൊഴിലാളികൾക്ക് ഓണത്തിന് എന്തെങ്കിലും നൽകണമെന്ന കെ. വേണുഗോപാൽ എംപിയുടെ നിർദേശം ധനമന്ത്രി കൂടിയായ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കും. മുൻകാലങ്ങളിലെ കയർ തൊഴിലാളികളുടെ കൂലി വർധന ഫലപ്രദമായിട്ടില്ല. കൂലിവർധന അനിവാര്യമാണെന്ന കാര്യത്തിൽ തർക്കമില്ലെന്നും ഇത് സംബന്ധിച്ച് തൊഴിലാളികളുമായും മാനേജുമെന്റുകളായും ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ചകിരിയില്ലാതെ ഈ മേഖലയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ല. ചകിരി ഉത്പാദന രംഗത്തെ പ്രതിസന്ധി പരിഹരിക്കാനും ചകിരി വിപണിയിലെ തമിഴ്നാടിന്റെ ആധിപത്യം മറികടക്കാനും ഗൗരവമായ ഇടപെടൽ നടത്തുകയാണ് സർക്കാർ. നല്ലയിനം ചകിരി കുറഞ്ഞവിലയിൽ സംഘങ്ങൾക്ക് ലഭ്യമാക്കുന്നതിന് പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ ഒരു ടീമിനെ അയച്ച് പഠിച്ചതായും ആധുനിക മെഷീനുകൾ ഉപയോഗിച്ച് ചകിരി ഉത്പാദിപ്പിക്കാൻ കഴിയുമോ എന്ന് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഹരിതകർമ്മസേന അംഗങ്ങളെ ഉപയോഗിച്ച് തൊണ്ട് ശേഖരിക്കുന്നതും പരിഗണനയിലുണ്ട്. കയർഗവേഷണ കേന്ദ്രം പുനഃസംഘടിപ്പിച്ച് കാര്യക്ഷമമാക്കും. നല്ല കയർ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന സംഘങ്ങൾക്ക് പ്രോത്സാഹനം നൽകും. എല്ലാ തൊഴിലാളി നേതാക്കളും യൂണിയനുകളും പരിപൂർണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരെ വിശ്വാസത്തിലെടുത്തുകൊണ്ടേ സർക്കാർ മുന്നോട്ടു പോകൂ. കയർപ്രൊജക്ട് ഓഫീസുകളെ പുനരുജ്ജീവിപ്പിക്കുമെന്നും ഒന്നും ചെയ്യാത്ത പ്രൊജക്ടുകൾ ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. ആറ് മാസം നീളുന്ന കയറിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഓരോ പ്രൊജക്ടിനും 1.5 കോടി ടാർഗറ്റ് വെച്ചിരിക്കുകയാണ്. കയറിന്റെ ആഭ്യന്തര ഉപഭോഗം വർധിപ്പിക്കാനും ഈ മേഖലയിലെ തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കാനുമാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലോക വിപണിയിൽ ഇന്ന് ഏറ്റവുമധികം സ്വീകാര്യത ലഭിക്കുന്ന ചകിരിച്ചോർ ഉത്പാദനത്തിനായി പ്രത്യേക സ്കീം ആലോചിക്കുന്നുണ്ടെന്നും ചകിരിയുടെയും കയർപിത്തിന്റെയും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയും ജി. സുധാകരൻ എംഎൽഎയും ആലപ്പുഴയിലെ 10 ഓളം വീടുകളിലെത്തി പദ്ധതിയുടെ ഭാഗമായി കയർ ഉത്പന്നങ്ങൾ വിറ്റതിന് ശേഷമാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.

പദ്ധതിയുടെ ലോഗോ പ്രകാശനവും ആനുകൂല്യ വിതരണവും കെ.സി വേണുഗോപാൽ എം.പി നിർവഹിച്ചു. കയറിനെ ആശ്രയിച്ച് ജീവിക്കുന്നവരുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞിട്ട് ഒരുപാട് നാളായെന്നും കയർതൊഴിലാളികളുടെ ക്ഷേമത്തിന് മുൻഗണന കൊടുക്കാൻ ഈ സർക്കാർ ബാധ്യസ്ഥരാണെന്നും അതിന് തുടക്കമിട്ട മന്ത്രിയെ അഭിനന്ദിക്കുന്നതായും എംപി പറഞ്ഞു.

കയർസംഘങ്ങൾ ഒരു സാമ്പത്തിക വർഷം വിപണനം നടത്തിയ തുകയുടെ 10 ശതമാനം പിഎംഐ ആയി നൽകുന്ന പദ്ധതി പ്രകാരം ആലപ്പുഴ കയർപ്രൊജക്ട് പരിധിയിൽ ഉൾപ്പെട്ട മായിത്തറ ബാപ്പുജി സിവിസിഎസ്, കഞ്ഞിക്കുഴി സിഎംഎസി ലിമിറ്റഡ്, മാതൃക സിഎംഎസി എന്നിവക്കുള്ള തുക എംപി ചടങ്ങിൽ വിതരണം ചെയ്തു. കയർപിരിമേഖലയിലെ തൊഴിലാളികളുടെ കൂലി സർക്കാർ 350 ൽ നിന്ന് 400 ആയി ഉയർത്തിയതിന്റെ 50 ശതമാനം സർക്കാർ ഗ്രാൻഡായി നൽകുന്നതിന്റെ ഭാഗമായി ആലപ്പുഴ കയർപ്രൊജക്ട് 73 ലധികം സംഘങ്ങളിൽ ഏഴ് സംഘങ്ങൾക്ക് ചടങ്ങിൽ സർക്കാർ വിഹിതം എംപി വിതരണം ചെയ്തു.

കയറിന് കൈത്താങ്ങ് പദ്ധതിയുടെ ആദ്യവിൽപന ചടങ്ങിൽ മന്ത്രി രമേശ് ചെന്നിത്തലയും മുൻ എംഎൽഎ ടി. കെ ദേവകുമാറും ചേർന്ന് നിർവഹിച്ചു. കുടപ്പനക്കുന്നിലെ ദേശീയ കയർ ഗവേഷണ, മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത പുതിയ ഉത്പന്നമായ കൊയ്റോ ഇക്കോഫ്രണ്ട്ലി ലാപ്ടോപ് കൂളിങ് പാഡ് ഡയറക്ടർ ഡോ. അഭിഷേകിന് നൽകി മന്ത്രി രമേശ് ചെന്നിത്തല പുറത്തിറക്കി.

കയർ ഡയറക്ടർ  സമീർ കിഷൻ പദ്ധതി വിശദീകരിച്ചു. ആഗസ്റ്റ് 9ന് ആരംഭിച്ച് 2027 ഫെബ്രുവരി 9 ന് അവസാനിക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ ഓരോ വീട്ടിലും ഒരു കയർ ഉത്പന്നം എങ്കിലും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരമ്പരാഗത കയർ ഉത്പന്നങ്ങൾ പദ്ധതിയുടെ ഭാഗമായി 50 ശതമാനം വിലക്കുറവിൽ ലഭ്യമാക്കും.

നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്, വാർഡ് കൗൺസിലർ ബിന്ദു തോമസ്, കയർഫെഡ് ചെയർമാനും മുൻ എംഎൽഎയുമായ ടി. കെ ദേവകുമാർ, മുൻ എംഎൽഎമാരായ എ എ ഷുക്കൂർ, ബി ബാബുപ്രസാദ്, യൂണിയൻ നേതാക്കളായ അഡ്വ. എ സോളമൻ, എ. കെ രാജൻ, സി. ബി ചന്ദ്രബാബു, പി. വി സത്യനേഷൻ, ബിനീഷ് ബോയി, സി. എസ് രമേശൻ, സലിംബാബു, കെ. ആർ രാജേന്ദപ്രസാദ്, അഡ്വ. എം രവീന്ദ്രദാസ്, അഡ്വ. കെ. ആർ ഭഗീരഥൻ, സി.കെ സുരേന്ദ്രൻ, ആർ സുരേഷ്, കയർവികസന വകുപ്പ് അഡീ. ഡയറക്ടർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Tags