പ്രായോഗിക തൊഴിൽജ്ഞാനമുള്ള തലമുറയെ വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി പി പ്രസാദ്

p prasad

ആലപ്പുഴ : കേവലം ബിരുദം നേടുന്നതിലുപരി പ്രായോഗിക തൊഴിൽജ്ഞാനം ആർജ്ജിച്ച തലമുറയെ വാർത്തെടുക്കുകയെന്നതാണ് സർക്കാരിൻെറ ലക്ഷ്യമെന്നും സംസ്ഥാനത്തെ യുവാക്കളുടെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പരിശീലനം ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. വയലാർ ഗവ. ഐടിഐ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം കൊല്ലപ്പള്ളി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകനിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഐടിഐയിൽ ഒരുക്കുന്നത്. പുതിയ ലാബുകളും ക്ലാസ് മുറികളും വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്താൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

വയലാർ ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും വാങ്ങി നൽകിയ 50 സെന്റ് സ്ഥലത്താണ് ഗവൺമെന്റ് ഐ.ടി.ഐ.ക്കായി പുതിയ മന്ദിരം ഉയരുന്നത്. ചേർത്തല എംഎൽഎ കൂടിയായ മന്ത്രി പി പ്രസാദിന്റെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 7.595 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
ചടങ്ങിൽ വയലാർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു മുരളി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സന്ധ്യ ബെന്നി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജി നായർ, ബ്ലോക്ക്‌ പഞ്ചായത്തംഗം സേതുലക്ഷ്മി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ രതി അജയകുമാർ, ലീന രാധാകൃഷ്ണൻ, അഖിൽ കൃഷ്ണ, ജില്ലാ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്‌ എൻ എസ് ശിവപ്രസാദ്, ഗവ. ഐടിഐ പ്രിൻസിപ്പൽ സി അനിൽകുമാർ, പിടിഐ പ്രസിഡന്റ് സോണി റാഫേൽ, മറ്റ് പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags