കുടുംബശ്രീ സ്ത്രീകളുടെ വ്യക്തിത്വം തിരിച്ചറിയാൻ പ്രാപ്തമാക്കിയ പ്രസ്ഥാനം : മന്ത്രി കെ.എം ഷാജി
ആലപ്പുഴ : സ്വന്തം വ്യക്തിത്വം തിരിച്ചറിയാൻ സ്ത്രീകളെ പ്രാപ്തമാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും ലിംഗതുല്യതയല്ല, ലിംഗനീതിയാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ബീച്ചിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.കാലഘട്ടത്തിൻറെ മാറ്റങ്ങൾക്കനുസരിച്ച് കുടുംബശ്രീയെ നവീകരിക്കേണ്ടതുണ്ടെന്നും ഇതിനായി കുടുംബശ്രീ 2.0 യിലേക്ക് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പരമ്പരാഗതമായി നടത്തുന്ന സംരംഭങ്ങൾക്ക് പുറമേ, പുതിയ കാലത്തിൻറെ മാറ്റങ്ങൾ ഉൾക്കൊണ്ട് നൂതനാശയങ്ങളിൽ അധിഷ്ഠിതമായ സംരംഭ മേഖലകളിലേക്ക് മാറാൻ കുടുംബശ്രീ അംഗങ്ങൾക്ക് കഴിയണം. സ്ത്രീകളുടെ തൊഴിൽ നൈപുണ്യ ശേഷി വർധിപ്പിച്ചു കൊണ്ട് കൂടുതൽ വരുമാനം നേടാൻ കഴിയുന്ന വിധത്തിൽ സംരംഭകത്വ വികസനത്തിന് പ്രാധാന്യം നൽകുകയാണ് വേണ്ടത്. പുതുതലമുറ കുടുംബശ്രീയെ ഏറ്റെടുക്കുന്ന വിധത്തിൽ, അവരുടെ ആശയങ്ങളും ഭാഷയും മനസിലാക്കാൻ കഴിയുന്നതിനൊപ്പം വ്യത്യസ്തമായ തൊഴിൽ മേഖലകളിലേക്ക് കടക്കാനുള്ള അറിവും കഴിവും ഓരോ സംരംഭകയ്ക്കും ഉണ്ടാകണം.
സമൂഹത്തെ നയിക്കാൻ കഴിയുന്ന വ്യക്തിത്വവും ആർജ്ജവമുള്ള ഒരു കൂട്ടായ്മയായി കുടുംബശ്രീയെ മാറ്റാനാണ് സർക്കാരിൻറെ പരിശ്രമങ്ങൾ. ലിംഗതുല്യതയിലൂടെ പുരുഷനൊപ്പം നിൽക്കുക എന്നതല്ല, സ്ത്രീയുടെ കഴിവിൻറെ മാനദണ്ഡത്തിൽ പുരുഷനൊപ്പമോ അതിലും ഉയരത്തിലോ നിൽക്കാൻ സ്ത്രീക്ക് അവസരം ലഭ്യമാക്കുന്ന ലിംഗനീതിയാണ് വേണ്ടത്. നാടിൻറെ നൻമയ്ക്കായി എപ്പോഴും മുന്നിൽ നിൽക്കുന്ന കുടുംബശ്രീയുടെ മനോഹരമായ ഇടപെടൽ ഈ ഓണക്കാലത്തും ഉണ്ടാകുമെന്നതിൻറെ തെളിവാണ് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണം വിപണന മേളകൾ. സംസ്ഥാനത്ത് സ്ത്രീശാക്തീകരണ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ചു നിൽക്കണമെന്നും മന്ത്രി പറഞ്ഞു. ഉൽപന്ന പ്രദർശന വിപണന സ്റ്റാളും ഫുഡ് കോർട്ടും സന്ദർശിച്ച മന്ത്രി സംരംഭകർ നൽകിയ മധുരവും രുചിച്ചു.
കുടുംബശ്രീ എല്ലാം കുടുംബങ്ങളുടെയും ഐശ്വരമാണെന്നും കുടുംബശ്രീയുടെ ആശയത്തെ മുറുകെ പിടിച്ച് കുടുംബശ്രീ അംഗങ്ങൾ മുന്നോട്ട് പോകണമെന്നും ജി.സുധാകരൻ എം.എൽ.എ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിലും നാടിൻ്റെ വളർച്ചയിലും കുടുംബശ്രീ വലിയ പങ്കുവെച്ചിട്ടുണ്ടെന്ന് എ ഡി തോമസ് എം എൽ എ പറഞ്ഞു.
ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ്, നഗരസഭ ആരോഗ്യ സ്ഥിര സമിതി അധ്യക്ഷൻ എ.എം നൗഫൽ,കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ വി. വിഘ്നേശ്വരി, ആലപ്പുഴ നഗരസഭ മുൻ ഉപാധ്യക്ഷൻ എ.എം നസീർ,കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആർ വിമൽ ചന്ദ്രൻ ,കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാരായ ഷീല മോഹൻ, ഹെലൻ ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.
സംസ്ഥാനത്ത് 25 വരെയാണ് കുടുംബശ്രീ ഓണം വിപണന മേളകൾ. സംസ്ഥാന ജില്ലാസി.ഡി.എസ്തലത്തിലായി ആകെ രണ്ടായിരത്തിലേറെ മേളകൾ സംഘടിപ്പിക്കും. ഇതിൽ അമ്പതിനായിരത്തോളം വനിതാസംരംഭകരും പങ്കെടുക്കും. പ്രാദേശിക ഉൽപന്നങ്ങൾക്ക് വിപുലമായ വിപണിയും സംരംഭകർക്ക് ഉയർന്ന വരുമാനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ സംസ്ഥാനമൊട്ടാകെ സി.ഡി.എസുകൾ വഴി ഓണ സദ്യ, ഓണക്കിറ്റ് വിപണനം എന്നിവ പുരോഗമിക്കുകയാണ്. കുടുംബശ്രീ പോക്കറ്റ്മാർട്ട് ആപ്ളിക്കേഷൻ വഴിയും ഉൽപന്നങ്ങൾ ഓൺലൈനായി വാങ്ങാം. മുന്നൂറിലേറെ ഉൽപന്നങ്ങൾ ഇതിലൂടെ ലഭിക്കും.ആഗസ്റ്റ് 25 വരെ സംഘടിപ്പിക്കുന്ന കുടുംബശ്രീ സംരംഭകരുടെ ഉൽപന്ന പ്രദർശന വിപണന മേളയോടൊപ്പം ഭക്ഷ്യമേള , പായസം മേള, വിവിധ കലാ പരിപാടികൾ എന്നിവയും അരങ്ങേറും
.jpg)

