തദ്ദേശ തിരഞ്ഞെടുപ്പ്: ഗ്രാമപഞ്ചായത്തിൽ സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന തുക 25000: ആലപ്പുഴ ജില്ലാ കളക്ടർ
ആലപ്പുഴ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്തിൽ 25000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുൻസിപ്പാലിറ്റികളിൽ 75000 രൂപയും ജില്ലാ പഞ്ചായത്ത്, കോർപ്പറേഷനുകളിൽ 1,50000 രൂപയുമാണെന്ന്ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു.
tRootC1469263">സ്ഥാനാർഥികൾ നാമനിർദേശം ചെയ്യപ്പെട്ട തീയതിക്കും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടുന്ന തീയതിക്കും (രണ്ട് തീയതിയും ഉൾപ്പെടെ) ഇടയിൽ തിരഞ്ഞെടുപ്പ് സംബന്ധമായി സ്ഥാനാർഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ വഹിച്ചതോ അധികാരപ്പെടുത്തിയതോ ആയ എല്ലാ ചെലവുകളുടെയും പ്രത്യേകം പ്രത്യേകം കണക്ക് സൂക്ഷിക്കേണ്ടതാണ്. ചെലവ് കണക്കിൽ ചെലവ് നടന്ന തീയതി, ചെലവിന്റെ സ്വഭാവം, നൽകിയതോ നൽകേണ്ടതോ ആയ തുക, തുക നൽകിയ തീയതി, കൈപ്പറ്റിയ ആളിന്റെ പേര്, മേൽവിലാസം, വൗച്ചറിന്റെ സീരിയൽ നമ്പർ എന്നിവ അടങ്ങിയിരിക്കണം.
ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കും ബോക്ക് പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും മുൻസിപ്പാലിറ്റിയിൽ മുൻസിപ്പാലിറ്റി സെക്രട്ടറിക്കും കോർപ്പറേഷനിൽ കോർപ്പറേഷൻ സെക്രട്ടറിക്കുമാണ് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കേണ്ടത്. തിരഞ്ഞെടുപ്പ് ചെലവുകൾ ഓൺലൈനായി സമർപ്പിക്കാൻ ഇലക്ഷൻ എക്സ്പെൻഡിച്ചർ മൊഡ്യൂൾ എന്ന സോഫ്റ്റ് വെയർ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയിട്ടുണ്ട്. ഈ സോഫ്റ്റ് വെയറിലൂടെ സ്ഥാനാർഥികൾക്ക് സ്വയം ലോഗിൻ ക്രിയേറ്റ് ചെയ്ത് ചെലവ് കണക്കുകൾ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമർപ്പിക്കാവുന്നതാണ്.
.jpg)

