ആലപ്പുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Elderly man found dead in Alappuzha.

 ആലപ്പുഴ: അരൂരിൽ വയോധികൻ ജീവനൊടുക്കിയ നിലയിൽ. മത്സ്യത്തൊഴിലാളിയായ അരൂർ പളളിയോടപ്പുരയ്ക്കൽ സുബ്രമണ്യൻ(71)ആണ് മരിച്ചത്. ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിന് പഞ്ചായത്ത് നമ്പർ കിട്ടാൻ വൈകുന്നതിന്റെ വിഷമത്തിലായിരുന്നു സുബ്രമണ്യൻ എന്നാണ് ബന്ധുക്കൾ പറയുന്നത്. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിലാണ് വീട്. ഇതുമൂലം വീട്ടുനമ്പർ കിട്ടാൻ തടസങ്ങളുണ്ട് എന്നാണ് പഞ്ചായത്ത് അറിയിച്ചത്. വീടിന് നമ്പർ ഇല്ലാത്തതിനാൽ അവസാന ഗഡു തുക ലഭിച്ചില്ല. രോഗവും ഭാര്യയ്ക്കുണ്ടായ അപകടവും മൂലം മാനസിക ബുദ്ധിമുട്ടിലായിരുന്നു സുബ്രമണ്യൻ.

ലൈഫ് പദ്ധതി പ്രകാരം വീട് പണി പൂർത്തീകരിച്ചിരുന്നു. എന്നാൽ അവസാന ഗഡുവായ ഒരുലക്ഷം രൂപയ്ക്കായി ഒരുപാട് തവണ പഞ്ചായത്ത് കയറിയിറങ്ങിയെങ്കിലും ലഭിച്ചില്ല. ത്വക്ക് സംബന്ധമായ അസുഖം സുബ്രമണ്യനുണ്ടായിരുന്നു. രണ്ടാഴ്ച്ച മുൻപ് അത് മൂർച്ഛിച്ചു. തുടർന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ആശുപത്രിയിൽ പോകാനിരിക്കുകയായിരുന്നു. എന്നാൽ സുബ്രമണ്യനെ കാണാതായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Tags