വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി; വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ
വയനാട് :വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്നും അഴിമതികൾ പുറത്തു കൊണ്ടുവരാൻ സഹായകമായെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ പറഞ്ഞു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ. പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന സുതാര്യമായ നിയമമാണ് വിവരാവകാശ നിയമമെന്നും കമ്മീഷണർ പറഞ്ഞു. വിവരങ്ങൾ ജനകീയമാവണം, അതൊരു ഔദാര്യമായി ആരും കണക്കാക്കരുത്. ഓഫിസുകളിലെ വിവരാവകാശ ബോർഡുകൾ, സോഷ്യൽ മീഡിയ, ഔദ്യോഗിക വെബ്സൈറ്റുകൾ കാലാനുസൃതമായി പരിഷ്‌കരിച്ച് പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന വിവര സ്രോതസായി മാറണം. ജനങ്ങൾക്ക് ഉപകാരപ്രദമായ ആനുകൂല്യങ്ങൾ, വിവരങ്ങൾ ജനങ്ങളിലേക്ക് സ്വമേധയാ എത്തിക്കാനുള്ള സംവിധാനങ്ങൾ സർക്കാർ ഓഫീസുകളിലുണ്ടാകണമെന്നും കമ്മീഷണർ നിർദ്ദേശിച്ചു.
ഫയലുകൾ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഓഫീസിലെ ഉദ്യോഗസ്ഥർക്കുമുണ്ട്. ഫയൽ പരിപാലന രജിസ്റ്ററുകൾ കാലാനുസൃതമായി സൂക്ഷിക്കുന്നതിന്റെയും പൂർണ്ണ ഉത്തരവാദിത്തം ഓഫീസ് മേധാവിക്കാണ്. ഫയൽ കാണുന്നില്ല, ലഭ്യമല്ല തുടങ്ങിയ മറുപടികളാണ് ഉദ്യോഗസ്ഥർ വിവരാവകാശ അപേക്ഷകൾക്ക് നൽകുന്നത്. ഫയൽ കാണാതായിട്ടുണ്ടെങ്കിൽ ഓഫീസ് മേധാവി നിയമനടപടികൾ സ്വീകരിക്കേണ്ടതാണെന്നും കമ്മീഷണർ പറഞ്ഞു. വിവരം ലഭിക്കുകയെന്നത് ഓരോ പൗരന്റെയും മൗലികാവകാശമാണ്. അവകാശങ്ങൾ പിടിച്ചു വാങ്ങേണ്ടതല്ല. ജനങ്ങൾക്ക് എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും അവകാശങ്ങൾ ഉറപ്പാക്കാനാണ് കമ്മീഷൻ പോലുള്ള സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്.
വിവരം കൈമാറുകയെന്നത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടെ മാത്രം ചുമതലയല്ല. ഫയൽ ഓഫീസിലെ ആരുടെ കൈവശമാണെങ്കിലും അവരിൽനിന്ന് വിവരം ലഭ്യമാക്കി നൽകേണ്ട ചുമതല പൊതു വിവരാവകാശ ഓഫീസർക്കാണ്. വിവരം ഉൾക്കൊള്ളുന്ന ഫയലുകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ പറഞ്ഞു. ജില്ലകളിൽ വിവരാവകാശ നിയമം സംബന്ധിച്ച് പരിശീലനങ്ങൾ നൽകുന്നുണ്ടെന്നും അപേക്ഷകളിലെ അപ്പീലുകൾ തീർപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്മീഷനെന്നും അഡ്വ. ടി കെ രാമകൃഷ്ണൻ അറിയിച്ചു. അദാലത്തിൽ 12 പരാതികൾ പരിഹരിച്ചു.
.jpg)

