നടനവൈഭവത്തിന്റെ പെണ്‍നടനം; അരങ്ങ് നിറഞ്ഞ് സന്തോഷ് കീഴാറ്റൂരിന്റെ ഏകാങ്ക നാടകം

dhh

തിരുവനന്തപുരം: വാസവദത്തയും ലീലയും മാതംഗിയുമൊക്കെ അരങ്ങില്‍ പകര്‍ന്നാടിയ ഓച്ചിറ വേലുക്കുട്ടിയാശാന്റെ ജീവിത കഥയ്ക്ക് നാടക പരിവേഷം നല്‍കി കാണികളെ വിസ്മയിപ്പിച്ച് ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂര്‍.  സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് പെണ്‍മണം പേറുന്നവനെന്ന വിളിപ്പേരില്‍ തളയ്ക്കപ്പെട്ടുപോയ ഒരു കലാകാരന്റെ ജീവിത കഥയെ തന്മയിത്വത്തോടെ അവതരിപ്പിക്കുവാന്‍ സന്തോഷ് കീഴാറ്റൂരിനായി. 

നാടകവേദികളില്‍ സ്ത്രീസാന്നിദ്ധ്യം അന്യമായിരുന്ന കാലത്ത് കുമാരനാശാന്‍ കവിതയിലെ സ്ത്രീകഥാപാത്രങ്ങളെ വെല്ലുവിളിയോടെ അവതരിപ്പിച്ച വേലുക്കുട്ടിയാശാനെപ്പോലെയുള്ള പെണ്‍നടന്മാരുടെ ജീവിതകഥ പുതുതലമുറയ്ക്ക് പുതിയൊരനുഭവമായിരുന്നു.   ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന നടനവൈഭവത്തിന്റെ പലഘട്ടങ്ങളും കാണികള്‍ ഹര്‍ഷാരവത്തോടെയാണ് ഏറ്റെടുത്തത്.  

പെണ്‍നടനെന്ന് മുദ്രകുത്തപ്പെട്ട വേലുക്കുട്ടിയാശാന്റെ ജീവിതവും പ്രതിസന്ധികളും അവഗണനകളുമൊക്കെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുവാന്‍ സന്തോഷിന് കഴിഞ്ഞു. പ്രത്യേക ശബ്ദ വെളിച്ച ക്രമീകരണങ്ങളുടെ അകമ്പടിയില്‍ പെണ്‍നടന്‍ ഒരു ദൃശ്യവിരുന്നാണ് കാണികള്‍ക്ക് സമ്മാനിച്ചത്.  സന്തോഷ് കീഴാറ്റൂര്‍, സുരേഷ് ബാബു ശ്രീസ്ഥ എന്നിവരാണ് നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.      
ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ അമ്മമാരുടെ സംഘടനയായ കരിസ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച ചടങ്ങിലാണ് സന്തോഷിന്റെ പെണ്‍നടന്‍ അരങ്ങേറിയത്.  

ചടങ്ങ് നേവി വെല്‍ഫെയര്‍ ആന്‍ഡ് വെല്‍നെസ് അസോസിയേഷന്‍ പ്രസിഡന്റ് കലാഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.  കരിസ്മ പ്രസിഡന്റ് റസീന ബീവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, കരിസ്മ ട്രഷറര്‍ രാധാ അശോക്, എക്‌സിക്യുട്ടീവ് അംഗം മേരി പ്രസന്ന, സെക്രട്ടറി ശ്രീദേവി എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ സന്തോഷ് കീഴാറ്റൂരിനെ കലാഹരികുമാര്‍ ഉപഹാരം നല്‍കി ആദരിച്ചു. ഭിന്നശേഷിക്കുട്ടികളുടെ സെന്റര്‍ സന്ദര്‍ശിച്ച കലാഹരികുമാര്‍ കുട്ടികള്‍ക്ക് വയലിന്‍, മൃദംഗം എന്നിവ സമ്മാനമായി നല്‍കി.

Share this story