ശബരിമല തീർത്ഥാടന പാത ശുചീകരിച്ച് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട : ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടന പാതയും വിവിധ ഇടത്താവളങ്ങളും ശുചിത്വപൂർണമായി നിലനിർത്തുന്നതിന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ ക്ലീൻ ഡ്രൈവിൽ 300 ഓളം പേർ പങ്കെടുത്തു. കുമ്പളാംപൊയ്ക മുതൽ ചമ്പോൺ വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലും വിവിധ പൊതുസ്ഥലങ്ങളിലും ഇടത്താവളങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
കുമ്പളാംപൊയ്ക ജംഗ്ഷനിൽ നടന്ന ഉദ്ഘാടന സമ്മേളനം ശബരിമല എ.ഡി.എം. ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ കേശവൻ അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ആർ. സുമാഭായി അമ്മ, വൈസ് പ്രസിഡന്റ് സ്വപ്ന സൂസൻ ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി കുമ്പളാംപൊയ്ക മുതൽ ചമ്പോൺ വരെയുള്ള പാത ഒമ്പത് മേഖലകളായി തിരിച്ച് ഓരോ മേഖലയുടെയും ചുമതല അതത് ജനപ്രതിനിധികൾക്കും സ്ഥിരം സമിതി ഭാരവാഹികൾക്കും നൽകി. നിയോഗിക്കപ്പെട്ട ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ റോഡിന്റെ ഇരുവശങ്ങളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ഇടത്താവളങ്ങളും പൊതുസ്ഥലങ്ങളും വൃത്തിയാക്കുകയും ചെയ്തു.
ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ജീവനക്കാർ, മണിയാർ എ. ആർ. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥർ, എൻ.സി.സി., സ്കൗട്ട് വിദ്യാർത്ഥികൾ, കുമ്പളാംപൊയ്ക സി.എം.എസ്. ഹൈസ്കൂൾ, ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ, ഹരിതകർമ്മസേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.
ശബരിമല തീർത്ഥാടന കാലയളവിൽ വടശ്ശേരിക്കരയിലൂടെ കടന്നുപോകുന്ന തീർത്ഥാടകർക്ക് വൃത്തിയുള്ളതും ആരോഗ്യകരവുമായ യാത്രാസാഹചര്യം ഒരുക്കുക, പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം തടയുക, ശുചിത്വ-പരിസ്ഥിതി സംരക്ഷണ അവബോധം വളർത്തുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
വിവിധ സർക്കാർ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരെ ഏകോപിപ്പിച്ച് സംഘടിപ്പിച്ച മെഗാ ക്ലീൻ ഡ്രൈവ് ശുചിത്വ പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തത്തിന്റെ മികച്ച മാതൃകയായി. ശബരിമല തീർത്ഥാടന പാതയും ഇടത്താവളങ്ങളും ശുചിത്വപൂർണ്ണമായി നിലനിർത്തുന്നതിനുള്ള തുടർപ്രവർത്തനങ്ങളും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഊർജിതമാക്കുമെന്ന് അധികൃതർ അറിയിച്ചു.
.jpg)

