വേനൽച്ചൂടിനൊപ്പം തിരഞ്ഞെടുപ്പ് ചൂടും: ആരോഗ്യത്തിൽ ശ്രദ്ധവേണമെന്ന് പത്തനംതിട്ട ജില്ലാ ഡി എം ഒ
പത്തനംതിട്ട : ജില്ലയിൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരും വോട്ടർമാരും ആരോഗ്യത്തിലും അൽപം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി അറിയിച്ചു. കനത്ത ചൂടിൽ നിർജ്ജലീകരണ സാധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയതും ശുദ്ധമായ ജലത്തിൽ തയ്യാറാക്കിയതുമായ പാനീയങ്ങൾ കുടിക്കാൻ ഉപയോഗിക്കുക. ഉപ്പിട്ട നാരങ്ങാ വെള്ളം, കഞ്ഞി വെള്ളം, സംഭാരം എന്നിവ കുടിക്കുന്നത് നിർജ്ജലീകരണ സാധ്യത കുറയ്ക്കും.
രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. വെയിലത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കാനും ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കണം. പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം
തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ സ്ഥിരമായി കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ കയ്യിൽ കരുതുകയും കൃത്യസമയത്ത് കഴിക്കുകയും വേണം.
രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ ചികിത്സാ വിവരങ്ങൾ, കഴിക്കുന്ന മരുന്നുകൾ, ഇൻസുലിൻ ഡോസ് എന്നിവ എഴുതിയത് കയ്യിൽ കരുതണം.
ചെറിയ ശാരീരിക അസ്വസ്ഥതകൾ പോലും അവഗണിക്കരുത്. മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ശ്രദ്ധിക്കണം. കുഴഞ്ഞു വീഴൽ പോലെയുള്ള അടിയന്തിര ഘട്ടങ്ങളിൽ ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്തുക. പോളിംഗ് സാമഗ്രി വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
സൂര്യാഘാതം - പ്രഥമ ശുശ്രൂഷ
വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കുക
ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക.
തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാൻ, എസി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. ആംബുലൻസ് സഹായം തേടുക.
ആരോഗ്യസ്ഥിതി മെച്ചപ്പെടാതിരിക്കുക, ബോധക്ഷയം ഉണ്ടാവുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തണം. ഹെൽപ്പ് ലൈൻ നമ്പർ 1056
.jpg)


