സ്‌പെഷ്യൽ സമ്മറി റിവിഷൻ: വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്തലുകൾ വരുത്താനും അവസരം

vote


പത്തനംതിട്ട : അർഹരായ എല്ലാ വോട്ടർമാർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്തലുകൾ വരുത്തുന്നതിനും പട്ടികയിലെ അപാകതകൾ പരിഹരിക്കുന്നതിനുമായി 2027 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ച് വോട്ടർ പട്ടികയുടെ സ്‌പെഷ്യൽ സമ്മറി റിവിഷൻ (എസ്.എസ്.ആർ) നടത്തുന്നതിന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് 2026 നവംബർ രണ്ടിനകം പോളിംഗ് സ്‌റ്റേഷനുകളുടെ യുക്തിസഹമായ പുനക്രമീകരണം, നവംബർ 12 നകം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ എന്നിവ പൂർത്തിയാക്കണം. അവകാശവാദങ്ങളും ആക്ഷേപങ്ങളും നവംബർ 12 മുതൽ ഡിസംബർ 11 വരെ സമർപ്പിക്കാം. ഡിസംബർ 28 നകം ഇവയുടെ തീർപ്പാക്കൽ പൂർത്തിയാക്കണം. അന്തിമ വോട്ടർ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.  

പുതിയ വോട്ടർ രജിസ്‌ട്രേഷൻ, വിവരങ്ങളുടെ തിരുത്തൽ, താമസസ്ഥലമാറ്റം, വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള അപേക്ഷകൾ എന്നിവ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിക്കണം. അപേക്ഷകർ നിയമപ്രകാരമുള്ള ഫോം ആറ്, ഏഴ്, എട്ട് എന്നിവ ഓൺലൈനായി (സിറ്റിസൺ സർവീസ് പോർട്ടൽ/വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് വഴി) സമർപ്പിക്കണം. അർഹരായ വോട്ടർമാരെ വോട്ടർപട്ടികയിൽ ചേർക്കുന്നതിനായി വില്ലേജ് തലങ്ങളിൽ ഒക്ടോബർ 31 വരെ ഹെൽപ്പ് ഡെസ്‌ക്കുകളുടെ സേവനം ലഭിക്കും.

എസ്.എസ്.ആർ 2027 ന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങളിൽ പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സഹകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അഭ്യർത്ഥിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കുവാനുള്ള അവസരം പൊതുജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി ബന്ധപ്പെട്ട ബൂത്ത് ലെവൽ ഓഫീസറെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറെയോ സമീപിക്കണം. വിവരങ്ങൾക്ക് ജില്ലാ ഇലക്ഷൻ വിഭാഗവുമായി 0468 2224256 നമ്പരിൽ ബന്ധപ്പെടണം.

Tags