മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് സിന്ധു അനിൽ; പകർച്ചവ്യാധി ബോധവൽക്കരണം വിദ്യാർഥികൾ ഏറ്റെടുക്കണം: പത്തനംതിട്ട ജില്ല കലക്ടർ
പത്തനംതിട്ട : ആരോഗ്യവകുപ്പിന്റെയും ശുചിത്വമിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പകർച്ചവ്യാധി ബോധവൽക്കരണ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം തൈക്കാവ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ നിർവഹിച്ചു. മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വീടും പരിസരവും ശുചിത്വമാക്കുക എന്നത് ഓരോരുത്തരുടെയും കടമയാണെന്നും അവർ ചൂണ്ടികാട്ടി. വൈസ് ചെയർപേഴ്സൺ എ സഗീർ അധ്യക്ഷനായി.
പകർച്ചവ്യാധി ബോധവൽകരണം വിദ്യാർഥികൾ ഏറ്റെടുക്കണമെന്ന് മുഖാതിഥിയായി പങ്കെടുത്ത ജില്ല കലക്ടർ എ നിസാമുദ്ദീൻ അഭിപ്രായപ്പെട്ടു. ഷിഗെല്ല സ്ഥിരീകരിച്ച എഴിക്കാട് ഉന്നതിയിൽ ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് പരിശോധന ഉറപ്പാക്കും. പകർച്ചവ്യാധി ശുചിത്വ കാമ്പയിനിൽ മുൻനിര പോരാളികളായി വിദ്യാർഥികൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് പകർച്ചവ്യാധി ബോധവൽകരണ ദിനം ആചരിച്ചത്. ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ആഴ്ചയിൽ അവലോകനം ചെയ്യും.ആരോഗ്യവകുപ്പ്, ശുചിത്വമിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഷിഗെല്ല രോഗബാധ, ശുചിത്വം, ശരിയായ കൈകഴുകൽ ശീലങ്ങൾ എന്നിവ സംബന്ധിച്ച് ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിക്കും. വിദ്യാർഥികളിൽ പകർച്ചവ്യാധി ബോധവൽകരണ സന്ദേശവും ശരിയായ കൈകഴുകൽ സംബന്ധിച്ച ബോധവൽകരണവും പകരുകയാണ് ലക്ഷ്യം.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ സജിനി മോഹൻ, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ആശ മോഹൻരാജ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ അൻസർ മുഹമ്മദ്, അംഗങ്ങളായ എസ് ഫാത്തിമ, നജീം രാജ്, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി രാജേഷ് കുമാർ, ശുചിത്വ മിഷൻ ജില്ല കോർഡിനേറ്റർ കെ എം വിനീത്, പ്രോഗ്രാം ഓഫീസർ കെ. ആർ അജയ്, നഗരസഭ സെക്രട്ടറി ടി എൻ സിനി, സ്‌കൂൾ പ്രിൻസിപ്പൽ എ ബീന എന്നിവർ പങ്കെടുത്തു. ശുചിത്വമിഷൻ ഉദ്യോഗസ്ഥർ, റിസോഴ്‌സ് പേഴ്‌സൺമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.
തിരുവല്ല നഗരസഭയിൽ കാമ്പയിൻ ഉദ്ഘാടനം ചെയർപേഴ്‌സൺ എസ് ലേഖ സർക്കാർ മോഡൽ ഹൈസ്‌കൂളിൽ ചടങ്ങിൽ നിർവഹിച്ചു. ഷിഗെല്ല രോഗത്തെക്കുറിച്ചും രോഗം പകരുന്ന രീതികൾ, രോഗലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, വ്യക്തിശുചിത്വം, സുരക്ഷിതമായ ഭക്ഷണവും കുടിവെള്ളവും, ശരിയായ കൈകഴുകൽ ശീലം എന്നിവയെക്കുറിച്ചും വിദ്യാർഥികൾക്ക് തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ രതീഷ് ബോധവൽകരണ ക്ലാസ് എടുത്തു. കുന്നന്താനം ഗ്രാമപഞ്ചായത്തിൽ കാമ്പയിൻ ഉദ്ഘാടനം സർക്കാർ ഹൈസ്‌കൂൾ പാലയ്ക്കത്തകിടിയിൽ വൈസ് പ്രസിഡന്റ് അഡ്വ. പ്രിനി നിർവഹിച്ചു.
കോന്നി ഗ്രാമപഞ്ചായത്തിലെ പകർച്ചവ്യാധി പ്രതിരോധ ദിന പരിപാടി കോന്നി സർക്കാർ ഹൈസ്‌കൂളിൽ വൈസ് പ്രസിഡന്റ് ശോഭ മുരളി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഇന്ദുകല, സ്‌കൂൾ പ്രധാനാധ്യാപകൻ ഫെബിൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത എന്നിവർ പങ്കെടുത്തു. ശുചിത്വമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ പ്രദീപ്, റിസോഴ്‌സ് പേഴ്‌സൺ ആതിര ജയകുമാർ എന്നിവർ ക്ലാസ്സ് നയിച്ചു.
അടൂർ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ പകർച്ചവ്യാധി പ്രതിരോധ ബോധവൽകരണ പരിപാടിക്ക് തുടക്കമായി. അടൂർ സർക്കാർ യു പി സ്‌കൂളിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ എ എസ് പ്രമോദ് ക്ലാസ് നയിച്ചു.
.jpg)

