പട്ടികജാതി വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: സി വി ശാന്തകുമാർ എംഎൽഎ

MLA


പത്തനംതിട്ട : ജില്ലയിലെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിന്റെ സമഗ്ര വികസനത്തിനായുള്ള പദ്ധതികൾ കൃത്യമായ ആസൂത്രണത്തോടെയും മുൻഗണനാ ക്രമത്തിലും നടപ്പിലാക്കണമെന്ന് സി വി ശാന്തകുമാർ എം.എൽ.എ നിർവ്വഹണ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. കോടിക്കണക്കിന് രൂപയാണ് വർഷാവർഷം ലാപ്‌സാകുന്നതെന്നും പദ്ധതികൾ സമയബന്ധിതമായി തീർക്കാൻ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കളക്ട്രേറ്റിൽ ചേർന്ന ജില്ലാതല പട്ടികജാതി-പട്ടികവർഗ്ഗ വികസന സമിതി യോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച് ജില്ലാതല ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.

പട്ടികജാതി വിഭാഗങ്ങൾക്കായി അനുവദിക്കുന്ന ഫണ്ടുകൾ കൃത്യമായി വിനിയോഗിക്കാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി  പറഞ്ഞു. പല മേഖലകളിലും ഫണ്ടുകൾ ചെലവഴിക്കപ്പെടാതെ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. ഗുണഭോക്താക്കൾക്ക് പദ്ധതികളെക്കുറിച്ച് കൃത്യമായ അവബോധം നൽകാനും, പ്രൊപ്പോസലുകൾ തയ്യാറാക്കുമ്പോൾ പ്രായോഗികമായ തടസ്സങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും ദീനാമ്മ റോയി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ഉന്നതികളിലെ കുടുംബങ്ങൾക്ക് സുസ്ഥിരമായ ഉപജീവനമാർഗ്ഗം ഉറപ്പാക്കുന്നതിനും പ്രഥമ പരിഗണന നൽകണമെന്ന് ജില്ലാ കളക്ടർ എ നിസാമുദ്ദീൻ പറഞ്ഞു. ഇതിനായി വിവിധ വകുപ്പുകളുടെ ഫണ്ടുകൾ ഏകോപിപ്പിച്ചുകൊണ്ട് ഓരോ ഉന്നതിക്കും കൃത്യമായ വികസന പ്ലാൻ തയ്യാറാക്കണം. അനുവദിക്കപ്പെടുന്ന ഫണ്ടുകൾ സാമ്പത്തിക വർഷത്തിന്റെ അവസാന നിമിഷം ചെലവഴിക്കുന്ന പ്രവണത ഒഴിവാക്കി, മുൻഗണനാ ക്രമത്തിലുള്ള പ്രൊപ്പോസലുകൾ നേരത്തെ തന്നെ സമർപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തിൽ പുരോഗമിക്കുന്ന പദ്ധതികളുടെ വിശദമായ അവലോകനം നടത്തി. അനുമതിക്കായി സമർപ്പിക്കപ്പെട്ട പദ്ധതികളിൽ ഭേദഗതി ആവശ്യമുള്ളവ പുതുക്കി സമർപ്പിക്കാനും നിർദേശിച്ചു.

യോഗത്തിൽ ജില്ലാ പഞ്ചായത്തംഗവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ ജൂലി സാബു, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags