ശബരിമല സുരക്ഷായാത്ര സംഘടിപ്പിച്ചു; റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ; 24 മണിക്കൂർ ഹൈവേ പട്രോളിംഗും
പത്തനംതിട്ട : ശബരിമല തീർഥാടനത്തിന് മുന്നോടിയായി ഭക്തർക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ സംയുക്തമായി ശബരിമല സുരക്ഷാ യാത്ര സംഘടിപ്പിച്ചു. ജില്ലാ കളക്ടർ എ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ മണ്ണാറക്കുളഞ്ഞി ജംഗ്ഷനിൽ നിന്ന് രാവിലെ ആരംഭിച്ച യാത്ര പമ്പ വരെയുള്ള പ്രധാന കേന്ദ്രങ്ങളും തീർഥാടന പാതകളും സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.
തീർഥാടനകാലത്ത് റോഡ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിനായി രണ്ടു മാസം മുമ്പ് പോലീസ്, ആർ ടി ഒ, പൊതുമരാമത്ത് റോഡ്സ്, ഹൈവേ, കെ എസ് ടി പി തുടങ്ങിയ വകുപ്പുകൾ സംയുക്തമായി പ്രാഥമിക പരിശോധന നടത്തി നിർദേശങ്ങൾ സമർപ്പിച്ചിരുന്നു എന്നും ഇതിന്റെ അടിസ്ഥാനത്തിൽ നാലുകോടി രൂപ സർക്കാർ ഫണ്ട് ലഭിക്കുകയും കഴിഞ്ഞ രണ്ടാഴ്ചയായി ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയുമാണ് എന്നും ജില്ലാ കളക്ടർ പറഞ്ഞു. നിലവിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കൂടുതൽ ഇടപെടലുകൾ ആവശ്യമുള്ള മേഖലകൾ കണ്ടെത്തുന്നതിനുമാണ് സുരക്ഷാ യാത്ര സംഘടിപ്പിച്ചത് എന്നും തീർഥാടനകാലത്ത് നടപ്പാക്കേണ്ട സുരക്ഷാ സംവിധാനങ്ങളും വിവിധ വകുപ്പുകളുടെ ഒരുക്കങ്ങളും നേരിട്ട് പരിശോധിച്ച് പോരായ്മകൾ അടിയന്തരമായി പരിഹരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
തീർഥാടന പാതയിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മണ്ണാറക്കുളഞ്ഞി മുതൽ ഇലവുങ്കൽ വരെയുള്ള റോഡിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഹൈവേ പട്രോളിംഗ് സംവിധാനം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് പറഞ്ഞു. തീർഥാടനകാലത്ത് അപകടസാധ്യതയും ഗതാഗതക്കുരുക്കും ഒഴിവാക്കുന്നതിനായി പോലീസ് നിരീക്ഷണം ശക്തമാക്കും. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് അനുവദിച്ച സ്പെഷ്യൽ പോലീസ് ഓഫീസർമാരെ റാന്നി, വടശ്ശേരിക്കര, ളാഹ, നിലയ്ക്കൽ തുടങ്ങിയ പ്രധാന മേഖലകളിൽ കൂടുതലായി വിന്യസിക്കും. തമിഴ്നാട്ടിൽ നിന്ന് കോന്നി, കൂടൽ ഭാഗങ്ങളിലൂടെ എത്തുന്ന തീർഥാടകരുടെ സുരക്ഷയ്ക്കായി ഈ മേഖലകളിലും പോലീസിനെ നിയോഗിക്കും. പന്തളം ഉൾപ്പെടെയുള്ള തിരക്കേറിയ ഇടത്താവളങ്ങളിലും പ്രത്യേക പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കും.
റോഡുകളിലെ ഗതാഗതക്കുരുക്ക് നിയന്ത്രിച്ച് ഭക്തർക്ക് സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കുന്നതിനാണ് പോലീസിന്റെ പ്രധാന പരിഗണന. പ്രദേശത്തെ ഡി വൈ എസ് പി, സി ഐ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കും. തീർഥാടന പാതയിലെ റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ ആർ ടി ഒയും ബന്ധപ്പെട്ട സി ഐമാരും നേരിട്ട് സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകും. അപകട സാഹചര്യങ്ങൾ ഒഴിവാക്കാൻ ആർ ടി ഒയുമായി സഹകരിച്ച് പ്രത്യേക നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
സുരക്ഷാ യാത്രയിൽ റോഡുകളിലെ തടസ്സങ്ങൾ, അപകടസാധ്യതയുള്ള സ്ഥലങ്ങൾ, വഴികളിലെ സുരക്ഷ, വഴിയരികിലെ കാടുകൾ വെട്ടിത്തെളിക്കൽ, വൈദ്യുതിവിളക്കുകൾ, സൈൻ ബോർഡുകൾ സ്ഥാപിക്കൽ, കടവുകളിലെ സുരക്ഷാ സംവിധാനങ്ങൾ എന്നിവ പരിശോധിച്ചു. ആവശ്യമായ ഇടങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.
ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, പോലീസ്, ഫോറസ്റ്റ്, ഫയർ ഫോഴ്സ്, ആരോഗ്യം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്, കെ. എസ്. ഇ. ബി, ജലസേചനം, വാട്ടർ അതോറിറ്റി, ഗതാഗതം, തദ്ദേശസ്വയംഭരണം, വനം, മൈനിങ് ആൻഡ് ജിയോളജി, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ സുരക്ഷാ യാത്രയിൽ പങ്കെടുത്തു.
.jpg)

