ശബരിമല തീർത്ഥാടകർക്ക് സുരക്ഷിത ഭക്ഷണവും ശുദ്ധജലവും ഉറപ്പാക്കും: പത്തനംതിട്ട ജില്ലാ കളക്ടർ

COLLECTOR

പത്തനംതിട്ട :  ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പത്തനംതിട്ടയിലെത്തുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണവും ശുദ്ധമായ കുടിവെള്ളവും ഉറപ്പാക്കുക എന്നത് ജില്ലയുടെ പ്രധാന ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ പറഞ്ഞു. വെട്ടിപ്പുറത്ത് പ്രവർത്തിക്കുന്ന ജില്ലാ ഭക്ഷ്യപരിശോധന ലബോറട്ടറിയുടെ ഒന്നാം വാർഷികാഘോഷവും ഏകദിന സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യപരിശോധനയിൽ കൃത്യത, വിശ്വാസ്യത, സമയബന്ധിതത്വം, സാങ്കേതിക മികവ് എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് കളക്ടർ ചൂണ്ടിക്കാട്ടി. ഒരു സാമ്പിളിന്റെ പരിശോധനയിൽ സംഭവിക്കുന്ന ചെറിയ അശ്രദ്ധ പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാം. അതിനാൽ ഓരോ പരിശോധനയും ഉയർന്ന പ്രൊഫഷണൽ ഉത്തരവാദിത്തത്തോടെയും ശാസ്ത്രീയമായ കൃത്യതയോടെയും നിർവഹിക്കേണ്ടതുണ്ട്. മാറിവരുന്ന ഭക്ഷണരീതികൾക്കനുസരിച്ച് ഭക്ഷ്യഗുണനിലവാരം, മായം ചേർക്കൽ എന്നിവയെക്കുറിച്ച് ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്തുന്നതിലും ഭക്ഷ്യസുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിലും ലബോറട്ടറിക്ക് വലിയ പങ്കുവഹിക്കാനാകും. ഭക്ഷ്യവസ്തുക്കളുടെ ഘടനയും ഗുണനിലവാരവും പരിശോധിക്കുന്ന രസതന്ത്രം, സസ്യജന്യ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന സസ്യശാസ്ത്രം, ഭക്ഷ്യജന്യ രോഗാണുക്കളെക്കുറിച്ച് പഠിക്കുന്ന ജന്തുശാസ്ത്രം തുടങ്ങിയ പഠനമേഖലകൾ ലബോറട്ടറിയുടെ പ്രവർത്തനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നവയാണ് എന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി.

ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ സുജിത് പെരേരയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗം പ്രൊഫസർ ബിനോയ് ടി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ഗവൺമെന്റ് അനലിസ്റ്റ് എം. സുബ്ബുരാജ്, ഡെപ്യൂട്ടി അനലിസ്റ്റ് ടി. ഷൈനു മോൾ, റിസർച്ച് ഓഫീസർ എച്ച്. ഹേംലാൽ, ആറന്മുള ഫുഡ് സേഫ്റ്റി ഓഫീസർ പ്രശാന്ത് കുമാർ, പ്രൊഫസർ വി.പി. തോമസ്, റിസർച്ച് ഓഫീസർ എസ്.ജെ. ശ്രീദേവി എന്നിവർ സംസാരിച്ചു.

വാർഷികാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി സൗജന്യ പ്രാഥമിക ജലഗുണനിലവാര പരിശോധന സംഘടിപ്പിച്ചു. കാതോലിക്കേറ്റ് കോളജിലെ ശാസ്ത്രവിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി പ്രത്യേക ഭക്ഷ്യസുരക്ഷാ സെമിനാറും നടത്തി. പൊതുജനാരോഗ്യ സംരക്ഷണത്തിനൊപ്പം വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം വളർത്തുന്നതിനും ലബോറട്ടറിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള അവസരമായി പരിപാടി മാറി.

Tags