ശബരിമല തീർഥാടനം: വടശ്ശേരിക്കര മുതൽ സന്നിധാനം പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും നിരോധിച്ചു
പത്തനംതിട്ട : മണ്ഡല-മകരവിളക്ക് മഹോത്സവ കാലയളവിൽ വടശ്ശേരിക്കര മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലെ തീർഥാടന പാതകൾ, വിശ്രമകേന്ദ്രങ്ങൾ (ഇടത്താവളങ്ങൾ), വഴിയോരക്കടകൾ, ഹോട്ടലുകൾ, താൽക്കാലിക സ്റ്റാളുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും നവംബർ 11 മുതൽ 2027 ജനുവരി 25 വരെ എല്ലാ തരത്തിലുമുള്ള പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നതും പ്രദർശിപ്പിക്കുന്നതും വിൽപ്പന നടത്തുന്നതും പൂർണമായി നിരോധിച്ചു.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ എക്‌സൈസ്, പോലീസ്, റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർക്ക് സിഒടിപിഎ ആക്ടും മറ്റ് പ്രസക്തമായ നിയമങ്ങളും അനുസരിച്ച് നിയമനടപടികളും പിഴയും ചുമത്തുമെന്ന് ജില്ല കലക്ടർ എ നിസാമുദ്ദീൻ അറിയിച്ചു. ദശലക്ഷക്കണക്കിന് തീർഥാടകർ സംഗമിക്കുകയും വിരിവെയ്ക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന ജനസാന്ദ്രതയേറിയ ഈ പ്രദേശങ്ങളിൽ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും പൊതുജനാരോഗ്യത്തിനും തീർഥാടകരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും തടസ്സം സൃഷ്ടിക്കുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചതിനെ തുടർന്നാണ് നടപടി.
.jpg)


