ശബരിമല തീർഥാടനം: മികച്ച പാതകൾ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീർ
പത്തനംതിട്ട : ശബരിമല തീർഥാടകർക്ക് സുഗമവും സുരക്ഷിതവുമായ യാത്രയ്ക്കായി റോഡുകൾ മികച്ച നിലവാരത്തിൽ നിർമിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ. തീർഥാടനമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിന് പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി.
ജൂലൈ 16ന് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിന്റെ തുടർച്ചയായാണ് പമ്പയിൽ മന്ത്രി എത്തിയത്. ശബരിമല പാതകളുടെ നവീകരണത്തോടൊപ്പം സമഗ്ര വികസനമാണ് ലക്ഷ്യം. 450 കോടിയോളം രൂപയുടെ ശബരിമല പാക്കേജാണ് സർക്കാർ തയ്യാറാക്കുന്നത്. റോഡ് സുരക്ഷയ്ക്കായി 15 കോടി രൂപയും വകയിരുത്തും. മുൻ വർഷങ്ങളിലെ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാകും. റോഡുകളിൽ ക്രാഷ് ഗാർഡ്, സ്പീഡ് ബ്രേക്കർ, റിഫ്‌ലക്ടറുകൾ, സൂചന ബോർഡുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കും. പാതയ്ക്ക് ഇരുവശവുമുള്ള കാട് വെട്ടിത്തെളിക്കും.
പൊതുമരാമത്ത്, എൻഎച്ച്, വാട്ടർ അതോറിറ്റി എന്നിവയുടെ സംയുക്ത യോഗം ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചേരും. മേഖലയിലെ റസ്റ്റ് ഹൗസുകളുടെ നവീകരണവും അറ്റകുറ്റപണികളും മണ്ഡലകാലത്തിന് മുമ്പ് പൂർത്തിയാക്കും. പദ്ധതികൾ പരിസ്ഥിതി സൗഹൃദമായി നടപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകും. തീർഥാടനമായി ബന്ധപ്പെട്ട് മണ്ഡലങ്ങളിലെ വിഷയങ്ങൾ പരിഹരിക്കുന്നതിന് എംഎൽഎമാരെയും ഉൾപ്പെടുത്തി തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരും. പ്രവൃത്തികൾ മുൻകൂട്ടി ആസൂത്രണം ചെയ്തു സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് പമ്പയിൽ യോഗം ചേർന്നത്. ഇടവേളകളിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു. മണ്ഡലകാലത്തിനു മുന്നോടിയായി പ്രവൃത്തികൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. പമ്പ ഹിൽടോപ്പ് മുതൽ പാണ്ടിത്താവളം വരെയുള്ള രണ്ട് കിലോമീറ്റർ റോപ്പ് വേയ്ക്ക് കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകാരം നൽകിയതായും മന്ത്രി അറിയിച്ചു.
എംഎൽഎമാരായ പഴകുളം മധു, കെ യു ജനീഷ് കുമാർ, സി വി ശാന്തകുമാർ, റോണി കെ ബേബി, എം ജെ സെബാസ്റ്റ്യൻ, പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള, ജില്ല കലക്ടർ എ നിസാമുദ്ദീൻ, പൊതുമരാമത്ത് അഡിഷണൽ സെക്രട്ടറി വി ആർ വിനോദ്, ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

