ശബരിമല തീര്‍ത്ഥാടനം : പൂര്‍ണ്ണ സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് വനം മന്ത്രി

Sabarimala Pilgrimage – Forest Minister Assures Full Cooperation

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ആവശ്യമായിട്ടുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വനം വകുപ്പിന്റെ പൂര്‍ണ്ണ സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. പമ്പ ഫോറസ്റ്റ് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടനത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. തീര്‍ത്ഥാടനകാലം തുടങ്ങിയ ശേഷം തടസങ്ങളുണ്ടോ എന്ന് നേരിട്ട് വിലയിരുത്തുന്നതിനാണ് സന്ദര്‍ശനം നടത്തിയതെന്നും ശ്രദ്ധയില്‍പ്പെട്ട വിഷയങ്ങളില്‍ പരിഹാരം കാണാന്‍ നടപടികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തീര്‍ത്ഥാടന പാതകളില്‍ തടസ്സമായി നിന്ന ചെറുമരങ്ങള്‍ മുറിച്ചുമാറ്റി യാത്ര സുഗമമാക്കിയിട്ടുണ്ട്. പരിസ്ഥിതി സുരക്ഷാ മേഖല ഒഴികെയുള്ള സ്ഥലങ്ങള്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രയോജനപ്പെടുത്താം. വനം മേഖലയിലെ മാലിന്യം നീക്കം ചെയ്യാന്‍ ശുചിത്വ മീഷനും ക്‌ളീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും. ലാന്‍ഡ് ലെവലിങ്ങും ഫില്ലിങ്ങും നടത്തി ചക്കുപാലം ഗ്രൗണ്ടില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങിനുള്ള സൗകര്യങ്ങള്‍ ക്രമീകരിക്കും. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കും സുഗമമായ യാത്രയ്ക്കും മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല വികസനവുമായി ബന്ധപ്പെട്ട് യാതൊരുവിധ തടസ്സവും വനം വകുപ്പിന്റെ ഭാഗത്തു നിന്നുമില്ല. റോപ് വേ പദ്ധതിയ്ക്കും വകുപ്പിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. കാനനപാത സന്ദര്‍ശിക്കുകയും ഭക്തരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇത്തവണ സര്‍ക്കാര്‍ ഒരുക്കിയ തീര്‍ത്ഥാടന സൗകര്യങ്ങളില്‍ അവര്‍ സന്തോഷവും സംതൃപ്തിയും അറിയിച്ചതായും മന്ത്രി പറഞ്ഞു.യോഗത്തിന് ശേഷം പമ്പാ ത്രിവേണി സംഗമം, ചക്കുപാലം ഗ്രൗണ്ട് എന്നീ സ്ഥലങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു കാര്യങ്ങള്‍ വിലയിരുത്തി.

ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര, പോലീസ് പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ പി നിയാസ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ പി പി പ്രമോദ്, ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡെപ്യുട്ടി ഡയറക്ടര്‍ സുരേഷ് ബാബു, റാന്നി ഡിഎഫ്ഒ ആരുള്‍ സെല്‍വം, പമ്പ എസ്എച്ച്ഒ മനോജ്, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags