ശബരിമല പൂങ്കാവന പ്രദേശം മദ്യ-മയക്കുമരുന്ന് വിമുക്ത മേഖലയായി പ്രഖ്യാപിച്ചു
പത്തനംതിട്ട : ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പൂങ്കാവന പ്രദേശം മദ്യ, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉപഭോഗവും നിരോധിച്ച മേഖലയായി പ്രഖ്യാപിച്ചു ഉത്തരവായി. നവംബർ 15 മുതൽ 2027 ജനുവരി 20 വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ താൽക്കാലിക എക്സൈസ് റേഞ്ച് ഓഫീസുകളുടെ പ്രവർത്തനം ആരംഭിച്ചു. പമ്പ കേന്ദ്രീകരിച്ച് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള കൺട്രോൾ റൂം നവംബർ 15 മുതൽ പ്രവർത്തനം ആരംഭിക്കും.
റാന്നി താലൂക്കിലെ പെരുനാട് വില്ലേജിൽ ഉൾപ്പെടുന്ന ചാലക്കയം, പമ്പ, പമ്പ റിവർ, ത്രിവേണി, കരിമല, ചെറിയാനവട്ടം, വലിയാനവട്ടം, നീലിമല, ശബരിപീഠം, മരക്കൂട്ടം, സന്നിധാനം, കുമ്പളാംതോട്, ഒരക്കുഴി, പ്ലാപ്പള്ളി, നിലയ്ക്കൽ, അട്ടത്തോട്, കൊല്ലമൂഴി എന്നീ പ്രദേശങ്ങളിലും കൊല്ലമുള വില്ലേജിലെ പമ്പാവാലിയിലും (അരയാഞ്ഞിലിമൺ ഒഴികെ) നിരോധനം ബാധകമാണ്.
പമ്പ, നിലയ്ക്കൽ, അട്ടത്തോട്, ആങ്ങമൂഴി, ഗവി, കോന്നി, റാന്നി താലൂക്കുകളിലെ വനമേഖലകൾ എന്നിവിടങ്ങളിൽ എക്സൈസ്, പോലീസ്, വനംവകുപ്പ് സംയുക്ത പരിശോധനകളും റെയ്ഡുകളും നടത്തിവരുന്നു. മദ്യനിരോധനം സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകൾ വിവിധ ഭാഷകളിൽ പൂങ്കാവന പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.
മണ്ണാറക്കുളഞ്ഞി മുതൽ പമ്പ വരെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും വാഹനപരിശോധന നടത്തും. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രണ്ട് സ്ട്രൈക്കിങ് യൂണിറ്റുകളെയും നിയോഗിച്ചിട്ടുണ്ട്.
തീർത്ഥാടകരും കച്ചവടക്കാരും ഉൾപ്പെടെ ശബരിമല, പമ്പ, നിലയ്ക്കൽ മേഖലകളിലെത്തുന്ന എല്ലാവരും നിരോധനവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കണം. മദ്യ-മയക്കുമരുന്ന് സംബന്ധമായ വിവരങ്ങൾ ജില്ലാ കൺട്രോൾ റൂം നമ്പരായ 0468-2222873 ലും ടോൾ ഫ്രീ നമ്പരായ 155358 ലും അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം സൂരജ് അറിയിച്ചു.
.jpg)

