റാന്നി ജലോത്സവം :പഴകുളം മധു എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു

RANNI

പത്തനംതിട്ട : റാന്നി താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പഴകുളം മധു എംഎൽഎയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. ഓഗസ്റ്റ് 23 മുതൽ 28 വരെയാണ് റാന്നിയിലെ വിവിധ ജലമേളകൾ. മേളകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും സുഗമവുമായ നടത്തിപ്പിനും  വകുപ്പുകൾ കൃത്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്ന് എംഎൽഎ നിർദേശിച്ചു. തിരക്ക് നിയന്ത്രണത്തിനും വാഹനഗതാഗത ക്രമീകരണത്തിനും പൊലീസിനെ നിയോഗിക്കും. 

അഗ്നിരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ റെസ്‌ക്യൂ ബോട്ടുകളും നീന്തൽ വിദഗ്ധരും ഉണ്ടാകും. ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ ടീം സജ്ജമാക്കും. പമ്പയാറ്റിലെ ജലനിരപ്പ് സുരക്ഷിതമായി നിലനിർത്തും. റാന്നി പാലത്തിന്റെ കീഴിൽ അടിഞ്ഞിരിക്കുന്ന കമ്പ്, മുള തുടങ്ങിയ പാഴ്വസുതുക്കൾ ഇറിഗേഷൻ വകുപ്പ് നീക്കം ചെയ്യും. ജലമേള കേന്ദ്രങ്ങളിലും പരിസരങ്ങളിലും ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയുന്നതിന് പൊലീസുമായി ചേർന്ന് എക്സൈസ് വകുപ്പ് പരിശോധന നടത്തും. ചടങ്ങുകളിൽ ഹരിതചാട്ടം പാലിക്കണമെന്നും എംഎൽഎ നിർദേശിച്ചു. കാട്ടൂർ മഹാവിഷ്ണു ക്ഷേത്ര കടവിൽ നിന്ന് പാർത്ഥസാരഥി ക്ഷേത്രത്തിലെത്തുന്ന തിരുവോണത്തോണിയുടെ സുഗമമായ യാത്ര സംബന്ധിച്ച ക്രമീകരണവും വിലയിരുത്തി.

ചെറുകോൽ ഉത്രാടം തിരുനാൾ ജലോത്സവം ഓഗസ്റ്റ് 23, പേരൂർച്ചാൽ ജലമേള ഓഗസ്റ്റ് 26, റാന്നി അവിട്ടം ജലോത്സവം ഓഗസ്റ്റ് 27, അയിരൂർ മാനവമൈത്രി ചതയ ജലമേള ഓഗസ്റ്റ് 28 ന് നടക്കും.ജില്ല കലക്ടർ എ നിസാമുദ്ദീൻ, എഡിഎം ആർ രാജലക്ഷ്മി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ബീന എസ് ഹനീഫ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 

Tags