അപ്പർ കുട്ടനാട്ടിലെ പാരിസ്ഥിതിക പ്രതിസന്ധിക്ക് പ്രത്യേക പായ്‌ക്കേജ് വേണമെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്
പത്തനംതിട്ട : കോലയാറിന്റെയും അപ്പർ കുട്ടനാടൻ മേഖലയിലെ തോടുകളുടെയും കൈത്തോടുകളുടെയും പുനർജീവനത്തിന് സമഗ്ര പദ്ധതി ആവഷ്‌കരിക്കണമെന്ന് നിയമസഭ പരിസ്ഥിതി സംബന്ധിച്ച സമിതിക്ക് നിവേദനം നൽകി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടിയ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ പരിസ്ഥിതി സമിതി ചെയർപേഴ്‌സൺ സജീവ് ജോസഫ് എംഎൽഎ ക്ക് നിവേദനം നല്കി.
ആഫ്രിക്കൻ പായലും വാഴപ്പോളയും കബോംബ പോലെയുളള അധിനിവേശ സസ്യങ്ങളും കയറി അപ്പർ കുട്ടനാട്ടിലെ തോടുകളും ജലാശയങ്ങളും അടഞ്ഞിരിക്കുകയാണ്. അപ്പർ കുട്ടനാട്ടിൽ വൻതോതിൽ കീടനാശിനിയും വളവും പ്രയോഗിക്കുന്നതുമൂലം വിവിധ രോഗങ്ങൾ വ്യാപകമായിരിക്കുകയാണ്. കളനാശിനിയും കീടനാശിനിയും നിരുത്സാഹപ്പെടുത്തി ജൈവകൃഷിക്ക് പ്രാധാന്യം നൽകണം.ജലം, മണ്ണ്, വായു എന്നിവയിലെ കീടനാശിനി- രാസവള സാന്നിധ്യം കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തണം, ഭക്ഷ്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക കാർഷിക പായ്‌ക്കേജ്, പരിസ്ഥതിയെ വീണ്ടെടുക്കുന്നതിന് നടപടി തുടങ്ങിയവ നിവേദനത്തിൽ ആവശ്യപ്പെട്ടു. തോടുകൾക്ക് നമ്പർ ഇട്ട് അടയാളപ്പെടുത്തി കയ്യേറ്റം ഒഴിപ്പിക്കണം. ജലസാക്ഷരത വർധിപ്പിച്ച് ജലാശയ മലിനീകരണം തടയണമെന്നും നിവേദത്തിൽ പറയുന്നു.
സമിതി അംഗങ്ങളായ എംഎൽഎമാർ വർഗീസ് മാമൻ, വി കെ ഫൈസൽ ബാബു, റ്റി എം ശശി, പഞ്ചായത്ത് പ്രസിഡന്റ്മാരായ ലിജി ആർ പണിക്കർ, ജോളി ഈപ്പൻ, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, തിരുവല്ല സബ് കലക്ടർ പാർവതി ഗോപകുമാർ, ഡെപ്യൂട്ടി കലക്ടർ ബീന എസ് ഫനീഫ് തുടങ്ങിയവർ പങ്കെടുത്തു.
.jpg)

