പമ്പാ നദിയെ മാലിന്യമുക്തമാക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ വോളന്റിയർമാർ രംഗത്ത്
പത്തനംതിട്ട : മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ പമ്പാ നദിയെയും ശബരിമല തീർത്ഥാടന കേന്ദ്രങ്ങളെയും മാലിന്യമുക്തമായി സംരക്ഷിക്കുന്നതിനായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (കെ.എസ്.പി.സി.ബി) നേതൃത്വത്തിൽ എൻ.എസ്.എസ് വോളന്റിയർമാരുടെ സേവനം വിപുലീകരിച്ചു. പത്തനംതിട്ട ജില്ലയിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) വോളന്റിയർമാരെയാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി രംഗത്തിറക്കിയിരിക്കുന്നത്.
അയ്യപ്പഭക്തർ പമ്പാ നദിയിൽ വസ്ത്രങ്ങളും മറ്റ് തുണിമാലിന്യങ്ങളും ഉപേക്ഷിക്കുന്നത് തടയുക, നദിയുടെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് തീർത്ഥാടകർക്ക് ബോധവൽക്കരണം നൽകുക എന്നിവയാണ് പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യം. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിന്റെ ഏകോപനത്തിൽ പത്ത് വോളന്റിയർമാർ വീതമുള്ള പ്രത്യേക ബാച്ചുകളായാണ് പ്രവർത്തനം.
പമ്പാ സ്നാനഘട്ടങ്ങളിൽ നേരിട്ടെത്തുന്ന വോളന്റിയർമാർ നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കരുതെന്ന് ഭക്തരോട് നിർദ്ദേശിക്കുകയും പകരം നിശ്ചയിച്ചിട്ടുള്ള ശേഖരണ കൂടുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സ്നാനത്തിനിടെ സോപ്പ്, എണ്ണ, ഷാംപൂ സാഷെകൾ എന്നിവ ഉപയോഗിച്ച് നദീജലം മലിനമാക്കരുതെന്നും ബോധവൽക്കരിക്കുന്നുണ്ട്.
തീർത്ഥാടന കേന്ദ്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും വോളന്റിയർമാർ സന്ദർശനം നടത്തുന്നുണ്ട്. നിരോധിത ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കുക, മാലിന്യങ്ങൾ തരംതിരിച്ച് കൃത്യമായി കൈമാറുക തുടങ്ങിയ നിർദ്ദേശങ്ങൾ വ്യാപാരികൾക്ക് നൽകുന്നു. ഇതിന്റെ ഭാഗമായി ലഘുലേഖകളും ബോധവൽക്കരണ സന്ദേശങ്ങളും വിതരണം ചെയ്യുന്നുണ്ട്.
'പവിത്രമായ പമ്പാ നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കരുത്' എന്ന സന്ദേശം തീർത്ഥാടകരിലേക്ക് എത്തിക്കുന്നതിനായി ബോധവൽക്കരണ ബോർഡുകൾക്ക് സമീപവും തിരക്കേറിയ സ്ഥലങ്ങളിലും വോളന്റിയർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവ് അവസാനിക്കുന്നതുവരെ ഈ പ്രവർത്തനങ്ങൾ തുടരും.
.jpg)

