കാലവർഷമുന്നൊരുക്കം ശക്തമാക്കി പത്തനംതിട്ട നഗരസഭ ;കൺട്രോൾ റൂം തുറക്കും
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ ദുരന്തനിവാരണ-മുൻകരുതൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. നഗരസഭാ ഹാളിൽ നടന്ന യോഗത്തിൽ ചെയർപേഴ്‌സൺ സിന്ധു അനിൽ യോഗത്തിൽ അധ്യക്ഷയായി.
നഗരസഭയിൽ അടിയന്തര സാഹചര്യം നേരിടുന്നതിന് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കും. പൊതുജനങ്ങൾക്ക് അപകട സാഹചര്യങ്ങളിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.
ശക്തമായ കാറ്റിൽ വൈദ്യുതി ലൈനുകളിലേക്ക് വീഴാൻ സാധ്യതയുള്ള മരച്ചില്ലകൾ കെ.എസ്.ഇ.ബി.യുടെയും ഫയർഫോഴ്സിന്റെയും സഹായത്തോടെ വെട്ടിമാറ്റും. വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ കെ.എസ്.ഇ.ബി ഉറപ്പാക്കും.
നഗരത്തിലെ പ്രധാന ഓടകളിലെയും തോടുകളിലെയും തടസങ്ങൾ നീക്കി സുഗമമായ ഒഴുക്ക് ഉറപ്പാക്കാൻ പി.ഡബ്ല്യൂ.ഡി, നഗരസഭ വിഭാഗങ്ങൾക്ക് നിർദേശം നൽകി.
പകർച്ചവ്യാധികൾ പടരാതിരിക്കാൻ ആരോഗ്യവകുപ്പും നഗരസഭ ആരോഗ്യവിഭാഗവും ചേർന്ന് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കും. മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തും.വെള്ളപ്പൊക്ക ദുരന്ത സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതിന് ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകൾ മുൻകൂട്ടി കണ്ടെത്താൻ വില്ലേജ് ഓഫീസർക്ക് നിർദേശം നൽകി.
കാലവർഷക്കെടുതികൾ ലഘൂകരിക്കുന്നതിന് എല്ലാ വകുപ്പുകളും പരസ്പരം ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും അടിയന്തര ഘട്ടങ്ങളിൽ നഗരസഭയുടെയും മറ്റ് സുരക്ഷാ സേനകളുടെയും നിർദേശം പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും ചെയർപേഴ്‌സൺ സിന്ധു അനിൽ അറിയിച്ചു.
നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആശാ മോഹൻരാജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അൻസാർ മുഹമ്മദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സജിനി മോഹൻ, കൗൺസിലർമാരായ നെജീം രാജൻ, എ സുരേഷ് കുമാർ, മുൻസിപ്പൽ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.
.jpg)

