സംസ്ഥാനത്തെ ആദ്യത്തെ ഐഎസ്ഒ സർട്ടിഫൈഡ് ജില്ല പൊലീസ് ഓഫീസ് പത്തനംതിട്ടയിൽ
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച ജില്ല പൊലീസ് ഓഫീസ് എന്ന ബഹുമതി പത്തനംതിട്ടയ്ക്ക്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ജില്ല പൊലീസ് മേധാവി ആർ ആനന്ദിന് ഐഎസ്ഒ സർട്ടിഫിക്കറ്റ് കൈമാറി. പൊതുജനങ്ങൾക്ക് ആവശ്യമായ സേവനം നൽകുന്ന നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്കാണ് സർട്ടിഫിക്കേഷൻ ലഭിക്കുന്നതെന്ന് പത്തനംതിട്ട ജില്ല പൊലീസ് ആസ്ഥാനത്ത് നടന്ന ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
ജില്ല പൊലീസ് ഓഫീസിൽ നടപ്പാക്കിയ വിവിധ പരിഷ്‌കാരങ്ങളുടെയും തുടർച്ചയായ പ്രവർത്തനങ്ങളുടെയും ഫലമായാണ് സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയത്. ഐഎസ്ഒ 10004: 2018 (ക്വാളിറ്റി മാനേജ്മെന്റ് ആൻഡ് കസ്റ്റമർ സാറ്റിസ്ഫാക്ഷൻ), ഐഎസ്ഒ 9001:2015 (ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം), ഐഎസ്ഒ 14001: 2015 ( എൻവയോൺമെന്റ് മാനേജ്മെന്റ് സിസ്റ്റം), 45001: 2018 (ഒക്കുപ്പേഷനൽ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം) എന്നീ നാല് അന്താരാഷ്ട്ര നിലവാര സർട്ടിഫിക്കേഷനുകൾ ലഭിച്ചു. സ്ത്രീ സുരക്ഷ പ്രവർത്തനം, ഡീ അഡിക്ഷൻ കൗൺസിലിംഗ്, പൊലിസ് വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് സംവിധാനം, ക്രൈംബ്രാഞ്ച് ഓഫീസ്, പൊതുജനങ്ങൾക്കുള്ള ആധുനിക സൗകര്യം തുടങ്ങിയവ ആസ്ഥാനത്തുണ്ട്.
സംസ്ഥാനത്തെ ലഹരി വിമുക്തമാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച തൂഫാൻ പദ്ധതിയുടെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഓപ്പറേഷൻ തൂഫാൻ ജനങ്ങൾ ഏറ്റെടുത്തു. വിദ്യാലയങ്ങൾ, സാമൂഹിക-സാംസ്‌കാരിക സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടത്തിൽ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ ഭാഗമാക്കും. ഗ്രാമപഞ്ചായത്തുകളിൽ ജനപ്രതിനിധികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് പദ്ധതി വിപുലമാക്കും. തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ പതാക ഉയർത്തും. ഐജി റാങ്കിലെ ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറാക്കി പ്രത്യേക സംവിധാനം രൂപീകരിക്കും.
ഓഗസ്റ്റ് 15 ന് തുടങ്ങുന്ന മൈ പൊലീസ് സ്റ്റേഷൻ പദ്ധതിയിലൂടെ വകുപ്പിന്റെ സേവനം കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലെത്തും. പരാതികൾ വേഗത്തിൽ തീർപ്പാക്കും. പൊലീസ് സ്റ്റേഷനുകളിലെ എഫ് ഐ ആർ ഒക്ടോബർ രണ്ട് മുതൽ ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ നിന്ന് നിരീക്ഷിക്കാനാകും. പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം പദ്ധതിയിലൂടെ കൂടുതൽ ജനകീയമാകും. സ്റ്റേഷൻ പരിസരത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങൾ ഒഴിവാക്കി ശുചീകരിക്കും. പരാതിക്കാർക്ക് കസേര, കുടിവെള്ളം തുടങ്ങി അടിസ്ഥാന സൗകര്യം ഉറപ്പാക്കും.
ആന്റോ ആന്റണി എംപി അധ്യക്ഷനായി. എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു, സി വി ശാന്തകുമാർ, കെ യു ജനീഷ് കുമാർ, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, തിരുവനന്തപുരം റേഞ്ച് ഡിഐജി ഡോ. ജെ ഹിമേന്ദ്രനാഥ്, പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, ജില്ല പൊലീസ് മേധാവി ആർ ആനന്ദ്, അഡീഷണൽ എസ് പി ആർ ജയരാജ്, ഐഎസ്ഒ പ്രതിനിധി എൻ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
.jpg)

