സി.പി.ആർ നൽകാൻ എല്ലാവരും അറിഞ്ഞിരിക്കണം: പത്തനംതിട്ട ജില്ല കലക്ടർ

Pathanamthitta District Collector

പത്തനംതിട്ട :  ഹൃദയാഘാതം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനായി സി.പി.ആർ അഥവാ ഹൃദയ ശ്വാസകോശ പുനരജീവനം നൽകാനുള്ള അടിസ്ഥാന അറിവ് സമൂഹത്തിലെ എല്ലാവർക്കും ഉണ്ടായിരിക്കണമെന്ന് ജില്ല കലക്ടർ എ. നിസാമുദ്ദീൻ പറഞ്ഞു. ജില്ല മെഡിക്കൽ ഓഫീസ് ആരോഗ്യം, ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിലെ ഗവി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ലോകഹൃദയ ദിനാചരണം ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൃദയസ്തംഭനം സംഭവിക്കുന്ന ആദ്യ ഏതാനും മിനിറ്റുകൾ നിർണായകമാണ്. ആരോഗ്യപ്രവർത്തകരുടെ സഹായം ലഭിക്കുന്നതിന് മുമ്പ് സമീപത്തുള്ള ഒരാൾക്ക് കൃത്യമായി സി.പി.ആർ നൽകാൻ കഴിഞ്ഞാൽ ജീവൻ രക്ഷിക്കാനുള്ള സാധ്യത ഗണ്യമായി വർധിക്കും. അതിനാൽ പൊതുജനങ്ങൾക്ക് സി.പി.ആർ ഉൾപ്പെടെയുള്ള അടിസ്ഥാന ജീവൻരക്ഷാ മാർഗങ്ങളിൽ പരിശീലനം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും ജില്ല കലക്ടർ പറഞ്ഞു.ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണശീലം, കൃത്യമായ വ്യായാമം, പുകയില ഉപയോഗം ഒഴിവാക്കൽ, മാനസിക സമ്മർദ്ദം നിയന്ത്രിക്കൽ, രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയവ കൃത്യമായി പരിശോധിക്കൽ എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്നും പരിപാടിയിൽ കലക്ടർ പറഞ്ഞു.

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ജോസ് പൈകട കലക്ടറേറ്റ് ജീവനക്കാർക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു. പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ഹരികുമാർ സി.പി.ആർ നൽകേണ്ടത് സംബന്ധിച്ച് പരിശീലനം നൽകി. ആരോഗ്യവകുപ്പ് ജില്ല സർവൈലൻസ് ഓഫീസർ ഡോ. കെ. ജീവൻ, എഡിഎം ആർ. രാജലക്ഷ്മി, ജില്ല ആർ സി എച്ച് ഓഫീസർ ഡോ. കെ. കെ ശ്യാംകുമാർ, ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർമാരായ ആർ. ദീപ, എം. പി ബിജു കുമാർ, കലക്ടറേറ്റ് ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

തുമ്പമൺ കുടുംബാരോഗ്യ കേന്ദ്രത്തിലെ  സൂംബ പരിശീലക ശിൽപയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ജീവനക്കാർക്കായി സൂംബ പരിശീലനം നൽകി. ഇലന്തൂർ നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്‌ളാഷ് സ്‌കിറ്റും ശ്രദ്ധേയമായി. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുജന ബോധവൽക്കരണ ക്ലാസുകൾ, സി.പി.ആർ പരിശീലനം, ആരോഗ്യ പരിശോധനകൾ, ഡിജിറ്റൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.

Tags