മകരജ്യോതി ദർശന ഇടങ്ങളിലെ സുരക്ഷ വിലയിരുത്തി പത്തനംതിട്ട ജില്ല കലക്ടർ

PATHANAMTHITTAcollector

പത്തനംതിട്ട : ജില്ല കലക്ടർ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തിൽ മകരജ്യോതി ദർശന ഇടങ്ങളിലെ സുരക്ഷ വിലയിരുത്തി.  ളാഹ വനം വകുപ്പ് ഓഫീസ് പരിസരത്തുള്ള തിരുവാഭരണഘോഷ യാത്ര ഇടത്താവളം ജില്ല കലക്ടർ സന്ദർശിച്ചു. തുടർന്ന് മകരജ്യോതി ദർശന ഇടങ്ങളായ പഞ്ഞിപ്പാറ, ഇലവുങ്കൽ, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് ഉന്നതി, അട്ടത്തോട് എന്നിവിടങ്ങളിലെ സുരക്ഷ പരിശോധിച്ചു. 

tRootC1469263">

പഞ്ഞിപ്പാറയിൽ സുരക്ഷാവേലി ഉൾപ്പെടെയുള്ള നിർമാണം പുരോഗമിക്കുന്നു. ഇവിടെ ഭക്തർക്കായി അന്നദാനം ഒരുക്കും. ആരോഗ്യവകുപ്പിന്റെ കീഴിൽ ആംബുലൻസ് സൗകര്യം ദർശന ഇടങ്ങളിൽ ഉറപ്പാക്കും. സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭക്തർക്ക് വിരിവയ്ക്കാനും ടോയ്ലറ്റ് സൗകര്യവും പഞ്ഞിപ്പാറയിൽ തയ്യാറായി. ദർശന ഇടങ്ങളിലെല്ലാം കുടിവെള്ളം ഉറപ്പാക്കും. ഇലവുങ്കൽ, അട്ടത്തോട്, നെല്ലിമല ദർശന ഇടങ്ങളിൽ സുരക്ഷാവേലി സ്ഥാപിക്കാൻ നിർദേശിച്ചു. 

നെല്ലിമലയിൽ അടക്കം ഫയർഫോഴ്സിന്റെ സേവനം ലഭ്യമാക്കും. പോലിസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ ദർശന ഇടങ്ങളിൽ നിയോഗിക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. ജനുവരി 14 നാണ് ശബരിമല മകരവിളക്ക്.
ശബരിമല എഡിഎം അരുൺ എസ് നായർ, ജില്ല പൊലിസ് മേധാവി ആർ ആനന്ദ്, റാന്നി ഡിഎഫ്ഒ എൻ രാജേഷ് കുമാർ, ദുരന്തനിവാരണം വിഭാഗം ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 

Tags