ഭിന്നശേഷി കുട്ടികളുടെ ലോകം വിശാലമാക്കണം : പത്തനംതിട്ട ജില്ലാ കലക്ടർ

BUDS
BUDS

പത്തനംതിട്ട :ഭിന്നശേഷി കുട്ടികളെ വീട്ടിൽ മാത്രമായി ഒതുക്കാതെ  പഠനത്തിലും കലാപരിപാടികളിലും സജീവമായി പങ്കെടുപ്പിച്ച് അവരുടെ ലോകം വിശാലമാക്കണമെന്ന് ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും  വൈസ് മെൻ ക്ലബ് പത്തനംതിട്ടയും സംയുക്തമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച 'കലക്ടർക്കൊപ്പം കൈകോർക്കാം' പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

tRootC1469263">

സമൂഹത്തിൽ ഇടം ലഭിക്കുമ്പോഴാണ് ഭിന്നശേഷി കുട്ടികളുടെ കഴിവ്  പൂർണമായി തെളിയുന്നത്. ഇവരുടെ പഠനത്തിനായി ജില്ലയിൽ വിവിധ സ്‌കൂളുകൾ ഉണ്ട്. ഓരോ വ്യക്തിയുടെയും കഴിവ് വ്യത്യസ്തമാണ്.പ്രതിഭയും കഴിവും തിരിച്ചറിയപ്പെട്ട്  ഭിന്നശേഷി കുട്ടികൾ വളരുവാൻ  സമൂഹത്തിന്റെ പിന്തുണ  ആവശ്യമാണെന്നും ജില്ല കലക്ടർ പറഞ്ഞു. ജില്ലാ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി അധ്യക്ഷയായി. സിനിമ സംവിധായകൻ രാകേഷ് കൃഷ്ണൻ കുരമ്പാല മുഖ്യാതിഥിയായി.

മലയാലപ്പുഴ ബഡ്സ് സ്‌കൂൾ, പത്തനംതിട്ട മുനിസിപ്പാലിറ്റി ബഡ്സ് സ്‌കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്ക് ജില്ല കലക്ടർ സ്‌നേഹോപഹാരം നൽകി. കുട്ടികൾ കലാപരിപാടി അവതരിപ്പിച്ചു.  ഡെപ്യൂട്ടി കലക്ടർ ബീന എസ് ഹനീഫ്, ഹുസൂർ ശിരസ്തദാർ വർഗീസ് മാത്യു, വൈസ് മെൻ ക്ലബ് ഭാരവാഹി ജേക്കബ് വർഗീസ് എന്നിവർ പങ്കെടുത്തു.

Tags