ദുരന്ത ലഘൂകരണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കാൻ പത്തനംതിട്ട ജില്ല ഭരണകൂടം
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ ആവർത്തിച്ചുവരുന്ന വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, അതിതീവ്രമഴ, വരൾച്ച തുടങ്ങിയ ദുരന്തങ്ങൾക്ക് ശാശ്വത പരിഹാരത്തിനായി പോസ്റ്റ് ഡിസാസ്റ്റർ റെസീലിയൻസ് പ്ലാൻ തയ്യാറാക്കാൻ ജില്ല ഭരണകൂടം. പൈലറ്റ് പ്രൊജക്റ്റായി പദ്ധതി പത്തനംതിട്ടയിൽ നടപ്പാക്കുമെന്ന് മഴക്കെടുതിയുമായി ബന്ധപ്പെട്ട സന്ദർശനത്തിനിടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ യോഗം ജില്ല കലക്ടർ എ നിസാമുദ്ദീന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് പമ്പ ഹാളിൽ ചേർന്നു. എല്ലാ വകുപ്പിന്റെയും നിർദ്ദേശങ്ങൾ സ്വീകരിക്കും. ജനപ്രതിനിധികളുമായി കൂടി ചർച്ച നടത്തി ശിൽപശാല സംഘടിപ്പിച്ച ശേഷം സമഗ്ര പദ്ധതി തയ്യാറാക്കി സർക്കാരിൽ സമർപ്പിക്കുമെന്ന് കലക്ടർ പറഞ്ഞു.
ഡാം മാനേജ്‌മെന്റ്, ജില്ലയിലെ ദുരന്തസാധ്യതകളും ദുർബല പ്രദേശങ്ങളും കണ്ടെത്തി മാപ്പ് ചെയ്യുന്നത്, പമ്പ, മണിമല, അച്ചൻകോവിൽ നദീതട സംവിധാനങ്ങളുടെയും കൈവഴികളുടെയും അപകടസാധ്യത ലഘൂകരണം,ജലസ്രോതസ്സുകളുടെ റീചാർജിങ്, ചെക്ക് ഡാമുകളുടെ നിർമ്മാണം, നദികളിലെയും ജലാശയങ്ങളിലും ചെളി നീക്കുന്നത്, കൾവെർട്ടുകൾ വൃത്തിയാക്കൽ, കാലാവസ്ഥ പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്, സേനകളുടെ പ്രതികരണശേഷി വർദ്ധിപ്പിക്കുന്നത്, കൃഷി, ഉപജീവനമാർഗങ്ങൾ എന്നിവയുടെ പ്രതിരോധശേഷി തുടങ്ങിയവയിൽ ജില്ലാതല ഉദ്യോഗസ്ഥർ വിഷയാവതരണം നടത്തി. മുന്നറിയിപ്പ്, നിരീക്ഷണം, വാർത്താവിനിമയം, ഒഴിപ്പിക്കൽ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് മറ്റു രാജ്യങ്ങളിൽ വിജയിച്ച മാതൃക അടിസ്ഥാനമാക്കി ജില്ലയിൽ പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് അജിത്ത് ശ്രീനിവാസ് അവതരണം നടത്തി.ജില്ല പോലീസ് മേധാവി ആർ ആനന്ദ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ബീന എസ് ഹനീഫ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

