നിർമലം ശബരിമല : തീർത്ഥാടന പാത പ്ലാസ്റ്റിക് വിമുക്തമാക്കാൻ പമ്പയിൽ കളക്ഷൻ കൗണ്ടർ

PristineSabarimala

പത്തനംതിട്ട : ശബരിമല തീർത്ഥാടന പാതയും പരിസരവും പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 'നിർമലം ശബരിമല' പദ്ധതിയുടെ ഭാഗമായി പമ്പയിൽ പ്ലാസ്റ്റിക് കളക്ഷൻ കൗണ്ടർ പ്രവർത്തനമാരംഭിച്ചു. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള തീർത്ഥാടന പാതയിലെ ചെക്കിംഗ് പോയിന്റിന് സമീപം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിന്റെ ഔദ്യോഗിക ഉദ്ഘാടനം ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര നിർവഹിച്ചു. പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ഐ എസ് സുരേഷ് ബാബു ചടങ്ങിൽ മുഖ്യാതിഥിയായി. വനം വകുപ്പിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

 തീർത്ഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തരുടെ കൈവശമുള്ള പ്ലാസ്റ്റിക് കവറുകളും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും വനമേഖലയിലേക്ക് എത്തുന്നത് തടയുകയാണ് കൗണ്ടറിന്റെ പ്രധാന ലക്ഷ്യം. ഇവിടെയെത്തുന്ന ഭക്തരിൽ നിന്നും പ്ലാസ്റ്റിക് കവറുകൾ ശേഖരിക്കുകയും പകരം പരിസ്ഥിതി സൗഹൃദമായ തുണിസഞ്ചികൾ സൗജന്യമായി നൽകുകയും ചെയ്യും. പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ വനമേഖലയിലെ ജൈവവൈവിധ്യവും വന്യജീവികളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിൽ ഈ നീക്കം വലിയ പങ്കുവഹിക്കും.
വരും ദിവസങ്ങളിൽ കൗണ്ടറിന്റെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനും ഭക്തർക്കിടയിൽ പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം ശക്തമാക്കാനും അധികൃതർ തീരുമാനിച്ചു.

ചടങ്ങിൽ ഡ്യൂട്ടി മജിസ്ട്രേറ്റ് അതുൽ എസ് നാഥ്, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ എം വിനീത്, പമ്പ റേഞ്ച് ഓഫീസർ മുകേഷ്, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ജി പ്രദീപ് എന്നിവർ പങ്കെടുത്തു.

Tags