സമൂഹത്തിന് മാതൃക ആകാൻ പൊലീസിന് കഴിയണം : മന്ത്രി രമേശ് ചെന്നിത്തല

ramesh chennithala

പത്തനംതിട്ട : സ്വാതന്ത്ര്യവും സമത്വവും സമാധനവും ഉറപ്പാക്കുന്നതിൽ സമൂഹത്തിന് മാതൃകയാകാൻ പോലിസ് ഉദ്യോഗസ്ഥർക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതിൽ സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഏറ്റെടുക്കുന്ന ഓരോ ദൗത്യവും അച്ചടക്കത്തോടെയും കർമ ധീരതയോടെയും  വിജയകരമായി നടപ്പാക്കുന്നതിൽ കേരള പൊലീസ് എന്നും മാതൃകയായിട്ടുണ്ട്. 

പൊതുജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ പുതുതായി പൊലീസിലേയ്ക്ക് എത്തുന്ന സേനാഗംങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അടൂർ ആസ്ഥാനമായുള്ള കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയനിൽ നടന്ന പാസിംഗ് ഔട്ട് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് പുരസ്‌കാരവും വിതരണം ചെയ്തു.കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയനിൽ നിന്നുള്ള 205 ഉം കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയനിൽ നിന്നുള്ള 126 ഉം ഉൾപ്പെടെ  331 റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾമാരാണ് പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. എസ് സൂരജ് നയിച്ച പരേഡിന്റെ സെക്കന്റ് ഇൻ കമാൻഡ് കെ എസ് അഭിജിത്ത് ആയിരുന്നു.

 കെ.എ.പി മൂന്നാം  ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ ആയി എസ് ഹരികൃഷ്ണൻ, മികച്ച ഔട്ട്ഡോർ കേഡറ്റായി എസ് സൂരജ്,  മികച്ച ഷൂട്ടറായി ജി എസ് ഹരികൃഷ്ണൻ,  മികച്ച ഓൾറൗണ്ടറായി വി വിഷ്ണു എന്നിവരെ തിരഞ്ഞെടുത്തു. കെ.എ.പി അഞ്ചാം ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ ആയി അനന്തു സുരേഷ്, മികച്ച ഔട്ട്ഡോർ കേഡറ്റായും ഓൾ റൗണ്ടറായും കെ എസ് അഭിജിത്ത്, മികച്ച ഷൂട്ടറായി എൽദോ പൗലോസ് എന്നിവരെ തിരഞ്ഞെടുത്തു.ഒമ്പതുമാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി ശാരീരിക ക്ഷമതയും മനക്കരുത്തും വർധിപ്പിക്കുന്ന പാഠങ്ങളാണ് നൽകിയത്. ഔട്ട്ഡോർ വിഭാഗത്തിൽ ശാരീരിക ക്ഷമത പരിശീലനം, ആയുധ പരിശീലനം, കരാട്ടെ, യോഗ, നീന്തൽ, വിവിധ സ്വയം പ്രതിരോധ പരിശീലനങ്ങൾ, ഫയറിംഗ് എന്നിവ നൽകി.

ഇൻഡോർ വിഭാഗത്തിൽ ഇന്ത്യൻ ഭരണഘടന, ഭാരതീയ ന്യായ സംഹിത, മോട്ടോർ വെഹിക്കിൾ ആക്റ്റ്, വി.ഐ.പി ബന്തവസ്സ്, ടെലി കമ്മ്യൂണിക്കേഷൻ, സോഷ്യൽ മീഡിയ, സൈബർ കുറ്റകൃത്യങ്ങൾ, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.
ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിന് ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, പീനോളജി, വിക്ടിമോളജി, സൈബർ ഫോറൻസിക് വിഷയങ്ങളിലും പരിശീലനം നൽകി.  സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി  ബൽറാം കുമാർ ഉപാധ്യായ, മറ്റ് ഉന്നത പോലീസുദ്യോഗസ്ഥർ, പുതിയ സേനാംഗങ്ങളുടെ ബന്ധുക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Tags