ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കും : മന്ത്രി പി സി വിഷ്ണുനാഥ്

p c vishnunath

പത്തനംതിട്ട : കാലവർഷത്തിന് മുന്നോടിയായി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്ന്  സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കാലവർഷ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വകുപ്പുകളുടെ അവലോകന യോഗത്തിൽ അധ്യക്ഷനായിരുന്നു മന്ത്രി.

  ക്യാമ്പുകളിൽ ഭക്ഷണം, വെള്ളം, വൈദ്യുതി, മരുന്നുകൾ തുടങ്ങിയവ ലഭ്യമാക്കും. തിരുവല്ലയിലെ അപ്പർ കുട്ടനാട് മേഖലയടക്കമുള്ള പ്രളയബാധിത പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകും. ദുരന്ത ലഘൂകരണത്തിന് പോലീസ്, അഗ്നി സുരക്ഷാസേന, എൻ ഡി ആർ എഫ് എന്നിവ ഏകോപനത്തോടെ പ്രവർത്തിക്കും. ജില്ലയിലെ പ്രധാന ആശുപത്രികളിൽ ആന്റി സ്നേക്ക് വെനം ഉറപ്പാക്കും. സ്‌കൂളുകൾക്ക് സമീപം അപകടകരമായ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്. ഓടകൾ നിറഞ്ഞ് സമീപപ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥിതി ഒഴിവാക്കണം. ഇതിനായി ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഓടകളിലെ തടസ്സങ്ങൾ നീക്കം ചെയ്യും. അടിയന്തരം, ദീർഘകാലം എന്നിങ്ങനെ ചെയ്യേണ്ട പ്രവൃത്തികൾ തരംതിരിക്കും. ഡാമുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പോലീസ് ആസ്ഥാനത്തും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കും. എംഎൽഎമാർ പ്രാദേശികമായി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണമെന്നും മന്ത്രി  നിർദേശിച്ചു.

എംഎൽഎമാരായ സി വി ശാന്തകുമാർ, അബിൻ വർക്കി കോടിയാട്ട്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ല കലക്ടർ എ നിസാമുദ്ദീൻ, ജില്ല പോലീസ് മേധാവി ആർ ആനന്ദ്, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല,  ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags