സംസ്ഥാനത്ത് 6000 സ്‌കൂളുകളിൽ ഡിജിറ്റൽ സ്‌ക്വയർ സ്ഥാപിച്ചു : മന്ത്രി എൻ ഷംസുദ്ദീൻ
പത്തനംതിട്ട : എൽ.പി, യു.പി വിദ്യാഭ്യാസം ഡിജിറ്റലൈസ് ചെയ്യുക, കമ്പ്യൂട്ടർ വൽക്കൃത വിദ്യാഭ്യാസം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്തെ 6,000 സ്‌കൂളുകളിൽ 'ഡിജിറ്റൽ സ്‌ക്വയർ' പദ്ധതി നടപ്പാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. കുന്നന്താനം സെന്റ് മേരീസ് സർക്കാർ ഹൈസ്‌കൂളിൽ നിർമ്മിച്ച ഡോ. കെ ആർ നാരായണൻ സെന്റിനറി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള നൂറുദിന കർമ്മപരിപാടിയിൽ വിദ്യാഭ്യാസ മേഖലയിലെ ആധുനികവൽക്കരണത്തിന് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്.
ഡിജിറ്റൽ സ്‌ക്വയർ ഉൾപ്പെടെ വിദ്യാഭ്യാസ വകുപ്പിന്റെ 16 കർമ്മപരിപാടികളും പൂർത്തിയായി. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ പുരോഗതിക്കനുസരിച്ച് വിദ്യാഭ്യാസം മാറ്റങ്ങൾക്ക് വിധേയമാവുകയാണ്. കഴിഞ്ഞ ഇരുപത് വർഷം കൊണ്ട് ഉണ്ടായ മാറ്റങ്ങൾ അതിനുമുമ്പുള്ള ഇരുന്നൂറ് വർഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. നമ്മുടെ കുട്ടികളെ ലോകരാജ്യങ്ങളിൽ നിന്നുള്ളവരോടൊപ്പം മത്സരിക്കാൻ പ്രാപ്തരാക്കേണ്ടതുണ്ട്. ഇതിനായി ഇന്നത്തെ കാലഘട്ടത്തിന്റെ ശാസ്ത്രമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നവസാങ്കേതികവിദ്യ ഉൾപ്പെടുത്തി സ്‌കൂൾ പാഠ്യപദ്ധതി നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന് കേരളത്തിന്റെ ധീര പുത്രനും മുൻ ഇന്ത്യൻ പ്രസിഡന്റുമായ കെ.ആർ. നാരായണന്റെ പേര് നൽകിയതിനെ മന്ത്രി പ്രശംസിച്ചു. സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.വർഗീസ് മാമൻ എംഎൽഎ അധ്യക്ഷനായി. ആന്റോ ആന്റണി എംപി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, മുൻ എംഎൽഎ മാത്യു ടി തോമസ്, ജില്ല പഞ്ചായത്ത് അംഗം ബിജു റ്റി ജോർജ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജെ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേങ്ങരിങ്ങാട്ട്, ബ്ലോക്ക് അംഗം രഞ്ജിനി അജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ സി പ്രെനി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ റ്റി ഗീതകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി സുനിൽകുമാർ, വി പി രാധാമണിയമ്മ, വി വറുഗീസ് മാത്യു, പി റ്റി അലക്‌സ്, രമ്യ ഗോപിനാഥ്, ബാബു കുറുമ്പേശ്വരം, തിരുവല്ല ഡിഇഒ പി ആർ മല്ലിക, മല്ലപ്പള്ളി എഇഒ ജയചന്ദ്രൻ നായർ, ജില്ല പ്രോഗ്രാം കോർഡിനേറ്റർ ജയന്തി തരുൺ, പ്രധാന അധ്യാപിക ജി ജയലളിത, സ്‌കൂൾ ലീഡർ എ കെ ഹരിഗോവിന്ദ്, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


