മലയാലപ്പുഴയിലെ ഗതാഗത സൗകര്യം മെച്ചപ്പെടും: മന്ത്രി മുഹമ്മദ് റിയാസ്

MALAYALAPUZHA
MALAYALAPUZHA


പത്തനംതിട്ട : മലയാലപ്പുഴയിലെ പുതിയ ബസ് സ്റ്റാൻഡിന്റെയും റോഡുകളുടേയും നിർമാണം പഞ്ചായത്തിലെ ഗതാഗത സൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മലയാലപ്പുഴ ബസ്സ് സ്റ്റാൻഡിന്റെയും മണ്ണാറക്കുളഞ്ഞി -മലയാലപ്പുഴ, വെട്ടൂർ -കാഞ്ഞിരപ്പാറ- മലയാലപ്പുഴ റോഡുകളുടെയും നിർമാണോദ്ഘാടനം മലയാലപ്പുഴയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ശബരിമല തീർത്ഥാടകർക്ക് ഉൾപ്പെടെ പ്രയോജനമാകും. മലയാലപ്പുഴ ജംഗ്ഷനിൽ പഴയ എൽ.പി സ്‌ക്കൂൾ കെട്ടിടം നിന്നിരുന്നിടത്താണ് ബസ് സ്റ്റാൻഡ്. കാഞ്ഞിരപ്പാറയിൽ നിന്നും വെട്ടൂർ ജംഗ്ഷനിൽ എത്തുന്ന അഞ്ച് കിലോമീറ്റർ 6.2 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  നവീകരണം. മണ്ണാറക്കുളഞ്ഞി-പുതുക്കുളം റോഡ് 3.5 കി.മീറ്ററോളം ദൂരം 4.5 കോടി രൂപ ചെലവിൽ നവീകരിക്കും. ആറു മീറ്റർ ശരാശരി വീതിയിൽ ബി.എം ബി.സി നിലവാരത്തിലേക്ക്  റോഡ് മാറും.

tRootC1469263">

റോഡ് വികസനത്തിൽ  സംസ്ഥാനത്ത് വലിയ മുന്നേറ്റം നടന്നു. വിവിധ റോഡുകൾക്കായി 35000 കോടി രൂപ
അനുവദിച്ചു. 8200 കിലോമീറ്റർ നവീകരിച്ചു. 17750 കിലോ മീറ്റർ റോഡും ബി.എം ബി.സിനിലവാരത്തിലാക്കി. ദേശീയപാത വികസനം , മലയോരഹൈവേ , തീരദേശ ഹൈവേ , ലെവൽ ക്രോസില്ലാത്ത കേരളം, ജംഗ്ഷൻ വികസനം,  പാലങ്ങളുടെ നവീകരണം, റണ്ണിംഗ് കോൺട്രാക്ട് തുടങ്ങിയ പദ്ധതികൾ  നടപ്പാക്കിയതായും മന്ത്രി കൂട്ടിചേർത്തു.

മലയാലപ്പുഴയിൽ സമഗ്ര വികസനം സാധ്യമായെന്ന് അധ്യക്ഷത വഹിച്ച എംഎൽഎ കെ യു ജനീഷ് കുമാർ പറഞ്ഞു. ഗ്രാമീണ റോഡുകൾ ഉൾപ്പെടെ മലയാലപ്പുഴയിലെ എല്ലാ റോഡുകളും ബി എം ബിസി നിലവാരത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുൽ വെട്ടൂർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷാജി, സ്ഥിരം സമിതി അധ്യക്ഷരായ ഷീലാ കുമാരി, എസ് ബിജു, എൻ വളർമതി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി ബാബുരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.

Tags